രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരിൽ ഒരാളായാണ് നിയമനം. എ പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പട്ടിക പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് പാർട്ടിയിൽ അസഹിഷ്ണുതയും സഹവർത്തിത്വവും വർധിച്ചു വരികയാണെന്ന് ആരോപിച്ചു അനിൽ ആന്റണി പാർട്ടി പദവികള്‍ രാജിവച്ചിരുന്നു
പുതിയ ഭാരവാഹി പട്ടികയില്‍, 13 വൈസ് പ്രസിഡന്റുമാരും സംഘടനാ ചുമതലയുള്ള ബി എൽ സന്തോഷ് ഉൾപ്പെടെ ഒൻപത് ജനറൽ സെക്രട്ടറിമാരുമാണുള്ളത്. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഉത്തർപ്രദേശ് ലജിസ്ലേറ്റിവ് കൗൺസിൽ അംഗവുമായ താരിഖ് മന്‍സൂറിനെ ബിജെപി വൈസ് പ്രസിഡന്റായും നിയമിച്ചു. തെലങ്കാന സംസ്ഥാന യൂണിറ്റ് മുൻ പ്രസിഡന്റ് ബന്ദി സഞ്ജയെ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
അനിൽ ആന്റണി ഈ വർഷം ഏപ്രിലിലാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നായിരുന്നു കോൺഗ്രസുമായി അകന്നത്.
പ്രതിപക്ഷ പാർട്ടികളെല്ലാം ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്റി ആയുധമാക്കി മോദിക്കെതിരെ ആഞ്ഞടിക്കുന്ന ഘട്ടത്തിലാണ് അനിൽ ആന്റണി, ഡോക്യുമെന്ററിക്കെതിരെ നിലപാടെടുത്തത്. അനിൽ ആന്റണി നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പിന്നാലെ, തനിക്കെതിരെ മോശം പ്രചാരണം ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നും ആരോപിച്ചായിരുന്നു രാജി പ്രഖ്യാപനം.