അനില്‍ കെ ആന്റണി 
INDIA

'ബിജെപിയിലേക്കില്ല, നല്ലവരായ ചിലർ നേതൃത്വം ഏറ്റെടുത്താൽ കോൺഗ്രസിലേക്ക് വരാം': അനിൽ കെ ആന്റണി

വെബ് ഡെസ്ക്

ബിജെപിയിലേക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി എഐസിസി മുൻ സോഷ്യൽ മീഡിയ കോഡിനേറ്റർ അനിൽ കെ ആന്റണി. ബിജെപി പാളയത്തിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് അനിൽ ആന്റണി നിലപാട് വ്യക്തമാക്കിയത്. നല്ലവരായ ചിലർ പാർട്ടിയെ ഏറ്റെടുക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് മടങ്ങിവരുമെന്നും അനിൽ പറഞ്ഞു. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഒരു കുടുംബത്തെ മാത്രം ചുറ്റിപ്പറ്റിയുള്ള നേതൃത്വവും അവരുടെ സഹയാത്രികരും മാറിയാൽ മാത്രമേ പാർട്ടി രക്ഷപ്പെടുകയുള്ളുവെന്ന് അനിൽ കെ ആന്റണി പറയുന്നു. അങ്ങനെയുണ്ടായില്ലെങ്കിൽ പാർട്ടി മരിക്കും. അതുകൊണ്ട് താൻ വിശ്വസിക്കാത്ത ഒരു വ്യവസ്ഥയിൽ നിലനിൽക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനിലിന്റെ നീക്കങ്ങൾ ബിജെപിയും കോൺഗ്രസും ഒരുപോലെ ഉറ്റുനോക്കുകയാണ്. അനിലിന്റെ കോൺഗ്രസ് വിമർശനങ്ങളിൽ പരമാവധി മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

ബിജെപിയിൽ ചേരുകയെന്ന അജണ്ട മാത്രമാണ് അനിലിനുള്ളതെന്നാണ് വാര്‍ത്തയോട് എഐസിസി മീഡിയ വിഭാഗം ചുമതലയുള്ള ജയറാം രമേശിന്റെ പ്രതികരണം. അനിൽ വിഡ്ഢിയാണെന്നും അയാൾ കിടന്ന് ബഹളം വയ്ക്കട്ടെയെന്നും ജയറാം രമേശ് പറഞ്ഞു.

ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്നായിരുന്നു അനിൽ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചത്. പ്രതിപക്ഷ പാർട്ടികളെല്ലാം ബിബിസി ഡോക്യുമെന്റി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ആയുധമാക്കി മോദിക്കെതിരെ ആഞ്ഞടിക്കുന്ന ഘട്ടത്തിൽ അനിൽ ആന്റണി, ഡോക്യുമെന്ററിക്കെതിരെ നിലപാടെടുത്തിരുന്നു. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസിയുടെ സോഷ്യൽ മീഡിയ നാഷണൽ കോഡിനേറ്റർ അടക്കമുള്ള പദവികളിൽനിന്ന് അനിൽ സ്വയം ഒഴിഞ്ഞത്.

2024ലെ പൊതുതിരഞ്ഞെടുപ്പ്, കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന് അനിൽ ട്വിറ്ററിൽ കുറിച്ചിരുന്നു. കൂടാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ചും രംഗത്തെത്തി. ഇതോടെയാണ് അനിലിന്റെ ബിജെപി പ്രവേശനം എന്ന വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിലും കോൺഗ്രസിനെതിരായ നിലപാടാണ് അനിൽ സ്വീകരിച്ചത്. ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാർട്ടി പ്രവർത്തിക്കണമെന്നായിരുന്നു അയോഗ്യത വിഷയത്തിലെ അനിലിന്റെ പ്രതികരണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും