INDIA

ഒടുവിൽ വിവാദ സർക്കുലർ പിൻവലിച്ച് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്; പ്രണയ ദിനത്തിൽ 'കൗ ഹഗ് ഡേ' ആചരിക്കേണ്ട

കാരണം വ്യക്തമാക്കാതെയാണ് സർക്കുലർ പിൻവലിച്ചത്

വെബ് ഡെസ്ക്

പ്രണയദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കാനുള്ള നിർദേശം പിൻവലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള തീരുമാനം പിൻവലിക്കുന്നതായി ബോർഡ് അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്, ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ആഹ്വാനം ചെയ്ത് സർക്കുലർ ഇറക്കിയത്. പിന്നാലെ വലിയ വിമർശനങ്ങളും ഉയർന്നു. സമൂഹ മാധ്യമങ്ങളിലടക്കം ട്രോളുകൾ നിറഞ്ഞു. ഇതോടെയാണ് പുതിയ തീരുമാനം.

" 2023 ഫെബ്രുവരി 14-ന് 'കൗ ഹഗ് ഡേ' ആയി ആചരിക്കുന്നതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഇറക്കിയ ഉത്തരവ്, ഫിഷറീസ്- മൃഗസംരക്ഷണ- ക്ഷീര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും നിർദേശാനുസരണം പിൻവലിച്ചിരുന്നു " പുതിയ ഉത്തരവ് വ്യക്തമാക്കി.

ഉത്തരവ് പിൻവലിച്ച് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയ പ്രസാതാവന

പാശ്ചാത്യ സംസ്കാരത്തിൻ്റെ അതിപ്രസരം, പൈതൃകം മറന്നുപോകാൻ ഇടയാക്കിയെന്നും പശുക്കളെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് 'കൗ ഹഗ് ഡേ' ആചരിക്കാൻ മൃഗസംരക്ഷണ ബോർഡ് ആഹ്വാനം ചെയ്തത്. മൃഗങ്ങളെ സ്നേഹിക്കുന്നവരൊക്കെ പശുവിനെ കെട്ടിപ്പിടിച്ച് ഈ ദിനം ആചരിക്കണമെന്നായിരുന്നു ആഹ്വാനം. പാശ്ചാത്യ സംസ്കാരത്തിന്റെ വളർച്ച, വേദ പാരമ്പര്യത്തെ നാശത്തിൻ്റെ വക്കിൽ എത്തിച്ചിരിക്കുന്നു. മാനവികതയുടെ പ്രതീകമായ പശുവിനെ ഗോമാതാവായി സങ്കല്പിക്കുന്നതും പശുവിനെ ആലിംഗനം ചെയ്യുന്നതും സന്തോഷമുണ്ടാക്കുമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു

സർക്കുലർ വന്നതോടെ വലിയ വിമർശനം നാനാഭാഗങ്ങളിൽ നിന്നും ഉയർന്നു. വാലൻ്റൈൻസ് ഡേ പ്രണയ ദിനമായി ആചരിക്കുന്നതിനും അതിന്റെ ആഘോഷങ്ങൾക്കും എതിരെ ചില സംഘടനകൾ പ്രതിഷേധവുമായി മുൻപും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വാലന്റൈൻസ് ദിനത്തിൽ കൊച്ചിയിൽ ഒന്നിച്ചുചേർന്ന കമിതാക്കൾക്ക് നേരെ തീവ്ര ഹിന്ദു സംഘടനകൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത്തരം നീക്കങ്ങളുടെ തുടർച്ചയാണ് സർക്കുലറെന്നായിരുന്നു ഉയർന്ന ആക്ഷേപം. ഒരു സർക്കാർ സംവിധാനം ആദ്യമായാണ് ഇത്തരത്തിലൊരു നിർദേശം നൽകുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍