INDIA

ആനി രാജ അഭിമുഖം- മണിപ്പൂരിലേത് സർക്കാർപ്രേരിത കലാപം തന്നെ, പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീർ

തത്കാലം രക്ഷപെടാന്‍ എന്തെങ്കിലും പറഞ്ഞു എന്നതിനപ്പുറത്തേക്ക് പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പറഞ്ഞതായി കരുതുന്നില്ലെന്നും ആനി രാജ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

മുഹമ്മദ് റിസ്‌വാൻ

പുറംലോകം അറിഞ്ഞതിനേക്കാള്‍ ഗുരുതരമാണ് കലാപം ശമിക്കാത്ത മണിപ്പൂരിലെ സ്ഥിതിയെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ (എൻഎഫ്ഐഡബ്ല്യു) ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. രണ്ടു വിദ്യാര്‍ത്ഥിനികളെ ഒരു കൂട്ടമാളുകള്‍ വിവസ്ത്രരാക്കി നടത്തിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി താന്‍ ഉള്‍പ്പെട്ട വസ്തുതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ മണിപ്പൂരില്‍ നടന്നിട്ടുണ്ട്. 'സ്റ്റേറ്റ് സ്പോണ്‍സേഡ്' കലാപമാണ് നടക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം 'മുതലക്കണ്ണീര്‍' മാത്രമാണ്. തത്കാലം രക്ഷപ്പെടാന്‍ പറഞ്ഞതിനപ്പുറത്തേക്ക് പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി കരുതുന്നില്ലെന്നും ആനി രാജ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ചുവടെ:

മണിപ്പൂരിൽ അരങ്ങേറുന്ന വംശീയ കലാപത്തിന്റെ വ്യാപ്തി മനസിലാക്കിത്തരുന്ന ദൃശ്യങ്ങളാണ് രണ്ട് ദിവസമായി പ്രചരിക്കുന്നത്. സമാനമായ സംഗതികൾ സംസ്ഥാനത്ത് അരങ്ങേറുന്നതായി വെളിപ്പെടുത്തിയ ദേശീയ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി അംഗങ്ങൾക്കെതിരെ സർക്കാർ രാജ്യദ്രോഹക്കുറ്റവും ചുമത്തി. പുതിയ സംഭവവികാസങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

കണ്ടതിനേക്കാള്‍, കേട്ടതിനേക്കാള്‍, പറഞ്ഞതിനേക്കാള്‍ രൂക്ഷമാണ് മണിപ്പൂരിലെ സ്ഥിതിയെന്നത് ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്ത നിമിഷം ബോധ്യപ്പെട്ടിരുന്നു. എന്തൊക്കെയോ മറച്ചുവയ്ക്കാനുള്ള വെപ്രാളത്തില്‍നിന്ന് ഉടലെടുത്തതായിരുന്നു ആ എഫ്‌ഐആര്‍. ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമെല്ലാം ശരിയാണെന്ന് തെളിയിക്കുന്നതാണ്. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും ഞങ്ങളുടെ നിലപാടുകളിലെ വസ്തുതകളെ ഉറപ്പിച്ചുനിര്‍ത്തുന്നു.

ആനി രാജ

മണിപ്പൂർ മുഖ്യമന്ത്രിയോടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇതുപോലെ നൂറുകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. കൂടാതെ നഗ്നയാക്കി നടത്തപ്പെട്ട പെൺകുട്ടികളിൽ ഒരാൾ തന്നെ പറയുന്നു പോലീസ് നോക്കിനിൽക്കേയാണ് ഈ അവസ്ഥ തങ്ങൾക്കുണ്ടായതെന്ന്. വസ്തുതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പോലെ ആസൂത്രിതമായൊരു കലാപമാണ് ഇതെന്ന് വ്യാഖ്യാനിക്കാൻ ഉതകുന്നതാണോ ഈ പ്രതികരണങ്ങൾ?

കലാപത്തെ നിയന്ത്രിക്കാനും തടയാനും സര്‍ക്കാര്‍ ഉപയോഗിക്കേണ്ട പോലീസ് സേനയെ വേണ്ടവിധം പ്രയോജനപ്പെടുത്താതെ നിഷ്‌ക്രിയമാണ് സർക്കാർ. അങ്ങനെ കലാപത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന്റെ അര്‍ഥം സംസ്ഥാത്ത് നടക്കുന്ന സംഭവങ്ങള്‍ 'സ്റ്റേറ്റ് സ്പോണ്‍സേഡ്' ആന്നെന്ന് തന്നെയാണ്. ആളുകള്‍ ഏറ്റുമുട്ടുമ്പോള്‍ പോലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. മേയ്തികളുടെയും കുക്കികളുടെയും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ പങ്കുവച്ച അനുഭവങ്ങളും സമാനമായിരുന്നു. പോലീസിനെ നിഷ്‌ക്രിയരാക്കുക എന്നതിനര്‍ത്ഥം കലാപത്തിന് ഭരണകൂടം അനുമതി നല്‍കുന്നുവെന്നതാണ്. കലാപം 'സ്റ്റേറ്റ് സ്പോണ്‍സേഡ്' ആണെന്ന പ്രസ്ചാവന അതുകൊണ്ട് തന്നെ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു.

'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് മോദി തന്നെ വിശേഷിപ്പിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി, രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന പൈശാചികമായ അനുഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് ഇന്നലെ നാം കണ്ടത്
ആനി രാജ

കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങൾക്കുപുറമെ വേറെയും പെൺകുട്ടികൾ ലൈംഗിക ആക്രമണങ്ങൾക്ക് ഇരകളായെന്നാണ് മാധ്യമറിപ്പോർട്ടുകൾ. എൻഎഫ്ഐഡബ്ല്യു വസ്തുതാന്വേഷണം നടത്തിയ സമയത്ത് ഇത്തരത്തിലുള്ള കേസുകൾ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടിരുന്നോ?

സ്ത്രീകളെ സംബന്ധിച്ച് ബലാത്സംഗം മാത്രമല്ല ഏറ്റവും നീചമായ പ്രവൃത്തി. ഒരു സ്ത്രീ നടന്നുപോകുമ്പോള്‍ അവളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പറയുമ്പോള്‍ പലരും ചോദിക്കുന്നത് നിങ്ങളെ പീഡിപ്പിച്ചതൊന്നുമില്ലലോ എന്നാണ്. ബലാത്സംഗമില്ലാത്ത മറ്റെല്ലാ പ്രവൃത്തികളും അംഗീകൃതവും ബലാത്സംഗം മാത്രം ഗൗരവമുള്ളതുമാണെന്ന ചിന്താഗതി നമുക്കിടയിലുണ്ട്. സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിക്കുക, ആക്രമിക്കുക എന്നതൊക്കെ അവരുടെ അന്തസ്സിനും സ്വാഭിമാനത്തിനും ആഘാതം ഏല്‍പ്പിക്കുന്നതാണെന്ന് തിരിച്ചറിയണം.

മണിപ്പൂരില്‍ രണ്ടു വിദ്യാര്‍ത്ഥിനികളെ ഒരു കൂട്ടമാളുകള്‍ വിവസ്ത്രരാക്കി നടത്തിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തത ഒരു സംഭവം ഞങ്ങളുടെ വസ്തുതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആള്‍ക്കൂട്ടത്തിന്റെ അതിക്രൂരമായ മര്‍ദനമേറ്റ അവരുടെ ആരോഗ്യനില അതിഗുരുതരമായതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകേണ്ടുന്ന അവസ്ഥ പോലും അന്നുണ്ടായി.

ഞങ്ങള്‍ പറയുന്നത് വിട്ടേക്കൂ. മുഖ്യമന്ത്രി എന്താണ് പറഞ്ഞത്? ദൃശ്യങ്ങളിലെ പോലെ പല കേസുകള്‍ മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. അദ്ദേഹത്തിന് ഇതേക്കുറിച്ചെല്ലാം അറിവുണ്ടെന്നതല്ലേ അത് സൂചിപ്പിക്കുന്നത്. മണിപ്പൂരിലെ കലാപം എത്രമാത്രം തീവ്രമാണെന്നത് ബിരേന്‍ സിങ്ങിന്റെ ഈ വാക്കുകളില്‍നിന്ന് വ്യക്തമാണ്. അവിടുത്തെ സ്ത്രീകള്‍ ആക്രമണത്തിന് ഇരകളാക്കപ്പെടുകയും അവരെ എതിരാളികളെ തോല്‍പ്പിക്കാനുള്ള ആയുധമായി ഉപയോഗിക്കുകയുമാണ്.

മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിങ്
സ്ത്രീകള്‍ ലൈംഗികാതിക്രമം നേരിട്ട വിഷയത്തില്‍ പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്
ആനി രാജ

കലാപം തുടങ്ങിയിട്ട് രണ്ടര മാസത്തിനുശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. വളരെ രോഷാകുലനായിട്ടായിരുന്നു പ്രതികരണം. എന്നാൽ പാർലമെന്റിൽ അദ്ദേഹത്തിന് പകരം അമിത് ഷാ മറുപടി പറയുമെന്നാണ് അറിയിക്കുന്നത്. ഈ രണ്ടു സംഭവങ്ങൾ പരിശോധിക്കുമ്പോൾ മോദിയുടെ ഇന്നലത്തെ പ്രതികരണത്തിൽ എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് വേണം കരുതാൻ ?

ചോദ്യത്തില്‍ ചെറിയൊരു തിരുത്ത് ആവശ്യമാണ്. പ്രധാനമന്ത്രി മണിപ്പൂരിലെ കലാപത്തെക്കുറിച്ചല്ല കഴിഞ്ഞദിവസം പ്രതികരിച്ചത്. രണ്ട് ദിവസമായി ലോകം മുഴുവന്‍ പ്രചരിച്ച ഒരു ദൃശ്യത്തെക്കുറിച്ച് മാത്രമാണ്. അതല്ലാതെ കലാപത്തെക്കുറിച്ചുള്ള പ്രതികരണമാണ് അതെന്ന് തെറ്റിദ്ധരിക്കരുത്. മണിപ്പൂരിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇന്നും അതേ ധാര്‍ഷ്ട്യത്തില്‍ നില്‍ക്കുകയാണ്.

പാര്‍ലമെന്റില്‍ മോദി എപ്പോള്‍ സംസാരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് ബിജെപി പറയുന്നത്. പ്രതിപക്ഷത്തിനോടും ഇന്ത്യന്‍ പാര്‍ലമെന്റിനോടും അതിന്റെ സംവിധാനങ്ങളോടും ബഹുമാനമില്ലാത്ത ഇക്കൂട്ടരെ ആദ്യമായല്ല നാം കാണുന്നത്. പ്രധാനമന്ത്രി ഈ രീതിയില്‍ പ്രതികരിക്കുന്നതും പെരുമാറുന്നതും 2014 മുതല്‍ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്.

തത്കാലം രക്ഷപെടാന്‍ എന്തെങ്കിലും പറഞ്ഞു എന്നതിനപ്പുറത്തേക്ക് പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി ഞാന്‍ കരുതുന്നില്ല. 'ഛത്തിസ്ഗഡിലായാലും രാജസ്ഥാനിലായാലും' എന്നാണ് ഇന്നലത്തെ രോഷപ്രകടനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. എന്തുകൊണ്ട് ഉത്തര്‍പ്രദേശിന്റെയോ മധ്യപ്രദേശിന്റെയോ പേരവിടെ പരാമര്‍ശിക്കുന്നില്ല? അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി പരാമര്‍ശിക്കുന്നത്.

'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് മോദി തന്നെ വിശേഷിപ്പിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി, രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന പൈശാചികമായ അനുഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് ഇന്നലെ നാം കണ്ടത്.

പ്രതികരണത്തിന്‍റെ ഒടുവില്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഉപദേശവും മോദി നല്‍കുകയുണ്ടായി. ആരാണ് ശരിക്കും രാഷ്ട്രീയവത്കരിക്കുന്നത്? സ്ത്രീകള്‍ ലൈംഗികാതിക്രമം നേരിട്ട വിഷയത്തില്‍ പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.

സ്ത്രീകള്‍ കടന്നുപോയിട്ടുള്ള അതിപൈശാചികമായ ഈ കൃത്യത്തിന് പിന്നില്‍ അത് ചെയ്തവര്‍ മാത്രമാണോ കുറ്റവാളികള്‍? അതിനവര്‍ക്ക് വഴിയൊരുക്കിയ പോലീസ് ഉത്തരവാദികളല്ലേ? അങ്ങനെ അനുവാദം നല്‍കുന്നതിന് പോലീസിന് മൗനാനുവാദം നല്‍കുന്ന ഭരണകൂടം ഉത്തരവാദികളല്ലേ?
ആനി രാജ

കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലെ സംഭവത്തിന് പ്രേരകമായത് മേയ് മൂന്നിന് മണിപ്പൂരിലൊട്ടാകെ പ്രചരിച്ച വ്യാജ വർത്തയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിൽ താങ്കൾ സന്ദർശിച്ച വേളയിൽ വ്യാജ വാർത്തകളുടെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം അവിടുത്തെ ജനങ്ങളിൽ ഉണ്ടായിരുന്നതായി തോന്നിയിരുന്നോ?

തീര്‍ച്ചയായും, ഞങ്ങള്‍ അന്വേഷണം നടത്തുമ്പോള്‍ വളരെ ആശങ്കയോടെ കണ്ടെത്തിയ കാര്യമാണത്. കുക്കികള്‍ക്കെതിരായതും അതുപോലെ തിരിച്ചുമുള്ള ഒരുപാട് വ്യാജവാര്‍ത്തകള്‍ മണിപ്പൂരില്‍ പ്രചരിക്കുന്നുണ്ട്. ഇതാരാണ് ചെയ്യുന്നതെന്ന് അറിയില്ല. ഇരുവിഭാഗങ്ങളെയും പരസ്പരം ഏറ്റുമുട്ടലിലേക്ക് നയിച്ചതില്‍ ഇത്തരം വ്യാജദൃശ്യങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വലിയൊരു പങ്കുണ്ട്.

ഒരുദാഹരണം പറഞ്ഞാല്‍, ദുരിദ്വാശ്വാസക്യാമ്പിന് പുറത്തുള്ള കുറച്ച് സ്ത്രീകളുമായി സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത്:- ''നോക്കു, മറ്റ് വിഭാഗത്തിലുള്ള സ്ത്രീകള്‍ ഒരുവര്‍ഷം തന്നെ മൂന്നും നാലും പെണ്‍കുട്ടികളെ പ്രസവിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുന്നു''എന്നാണ്. ഒരു കുട്ടിയെ ആറുമാസമെങ്കിലും കഴിയാതെ എങ്ങനെയാണ് പുറത്തെടുക്കുന്നതെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതൊക്കെ ശരിയാണെ്, എന്നാല്‍ ഞങ്ങള്‍ കേള്‍ക്കുന്നത് അവരുടെ ഇടയില്‍ അങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്നാണെന്ന് അവർ മറുപടി നല്‍കി. അപ്പോഴാണ് ഈ വ്യാജപ്രചാരണങ്ങളുടെ വ്യാപ്തിയും അതവരില്‍ ഉണ്ടാക്കുന്ന സ്വാധീനവും എത്രത്തോളമെന്ന് ഞങ്ങള്‍ക്ക് മനസിലായത്. ഇതുപോലെ സാമാന്യബുദ്ധി പോലും പ്രയോഗിക്കാതെ വ്യാജപ്രചാരണങ്ങളില്‍ വീണുപോകുന്ന ഒരുപാടുപേരെ ഞങ്ങളവിടെ കണ്ടു.

നരേന്ദ്ര മോദി മണിപ്പൂരിനെ കുറിച്ച് പരാമർശിക്കുന്നു

ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സമയം ആസൂത്രിതമാണെന്ന് വിലയിരുത്തുന്നവരുണ്ട്. എങ്ങനെയാണ് ഇതിനെ കാണുന്നത്?

ഞാനതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. യഥാര്‍ത്ഥ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അതെന്ന് ഞാന്‍ കരുതുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ട പ്രശ്‌നങ്ങളുടെ ഗൗരവത്തിലേക്ക് പോകാതെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കുമതെന്ന് ഞാന്‍ കരുതുന്നു. ജനങ്ങളുടെ രോഷവും പ്രതിഷേധങ്ങളും മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍ ബിജെപി തന്നെ ബോധപൂര്‍വം ഉയര്‍ത്തികൊണ്ടുവരുന്ന ഒരാരോപണമാണത്. അത് വിജയിക്കാന്‍ മാധ്യമങ്ങള്‍ അനുവദിക്കരുത്.

സ്ത്രീകള്‍ കടന്നുപോയിട്ടുള്ള അതിപൈശാചികമായ ഈ കൃത്യത്തിന് പിന്നില്‍ അത് ചെയ്തവര്‍ മാത്രമാണോ കുറ്റവാളികള്‍? അതിനവര്‍ക്ക് വഴിയൊരുക്കിയ പോലീസ് ഉത്തരവാദികളല്ലേ? അങ്ങനെ അനുവാദം നല്‍കുന്നതിന് പോലീസിന് മൗനാനുവാദം നല്‍കുന്ന ഭരണകൂടം ഉത്തരവാദികളല്ലേ? ഈ വലിയ ചോദ്യം ചര്‍ച്ച ചെയ്യപ്പെടാതെ പോകാന്‍ പാടില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പൂര്‍ത്തിയായ ജനാധിപത്യ- മതേതര ഇന്ത്യയില്‍ സ്ത്രീകള്‍ ഇന്നും യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നുവെന്ന് പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കാന്‍ പറ്റില്ല.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം