ഖലിസ്ഥാന്‍ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങിനായുള്ള തിരച്ചിൽ വ്യാപകമാക്കി പഞ്ചാബ് പോലീസ്. അമൃത്പാലിന്റെ വളരെ അടുത്ത അനുയായിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഒളിവിലിരിക്കെ അമൃത്പാൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മൊബൈൽ ഫോൺ നല്കിയെന്നാരോപിച്ചാണ് അറസ്റ്റ്.
അറസ്റ്റിലായ ആളുടെ ഫോണിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി വിദേശത്തുള്ള കൂട്ടാളികൾക്ക് അയച്ചുനൽകിയെന്നാണ് പോലീസ് കരുതുന്നത്.
കീഴടങ്ങാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രണ്ട് വീഡിയോ ദൃശ്യങ്ങളും ഒരു ശബ്ദസന്ദേശവും അമൃത്പാൽ സിങ് സാമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പഞ്ചാബ് പോലീസിന് മുന്നില്‍ കീഴടങ്ങില്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ സന്ദേശം. അധികകാലം ഒളിവില്‍ തുടരില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ഉടനെത്തുമെന്നും അമൃത്പാല്‍ സന്ദേശത്തിൽ പറഞ്ഞിരുന്നു.
സാമൂഹമാധ്യമങ്ങളിൽ അമൃത്പാലിൻറെ വീഡിയോ പങ്കിട്ട ആളുകളെ കണ്ടെത്താനായി പഞ്ചാബ് പോലീസിന്റെ സൈബർ സെൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.
ഹോഷിയാർപൂർ ജില്ലയിലെ മതകേന്ദ്രങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിലാണ് അമൃത്പാലിനുവേണ്ടി അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. 'ദറസ്' എന്നറിയപ്പെടുന്ന മതശാലകളിലാണ് അമൃത്പാൽ സിങ്ങും കൂട്ടാളികളും മാറിമാറി ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. അതിനാൽ അമൃത്സറും ജലന്ധറും ഉൾപ്പടെയുള്ള ജില്ലകളിലെ ദറസുകൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെ അന്വേഷണം നടന്നത്. ഇതിൽ ചിലയിടങ്ങളിൽ ഇയാൾ കഴിഞ്ഞതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
'ദറസ്' എന്നറിയപ്പെടുന്ന മതശാലകളിലാണ് അമൃത്പാൽ സിങ്ങും കൂട്ടാളികളും മാറിമാറി ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. അതിനാൽ അമൃത്സറും ജലന്ധറും ഉൾപ്പടെയുള്ള ജില്ലകളിലെ ദറസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്
മാർച്ച് 18നാണ് അമൃത്പാൽ സിങ് ഒളിവിൽ പോകുന്നത്. അതിനുശേഷം നിരവധി കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അമൃത്പാൽ എവിടെയെന്ന് ആർക്കുമറിയില്ല. നേപ്പാളിലേക്ക് കടന്നുവെന്നടക്കം വാർത്തകൾ പുറത്തുവന്നു. എന്നാൽ ഒരു തവണ പോലും കൃത്യമായ വിവരം പങ്കുവയ്ക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
അനുയായികളെ വിട്ടുകിട്ടാൻ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം ആറിലേറെ കേസുകളാണ് അമൃത്പാലിനെതിരെയുള്ളത്. ഫെബ്രുവരി 24ന് അമൃത്പാലും അനുയായികളും പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടന്ന് നിരവധി പോലീസുകാർക്ക് പരുക്കേറ്റിരുന്നു. വധശ്രമം, പോലീസുകാരെ കൈയേറ്റം ചെയ്യൽ എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.