മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ഒരു ചീറ്റ കൂടി ചത്തതായി വനംവകുപ്പ്. ഇതോടെ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പാര്‍ക്കില്‍ ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. സൂരജ് എന്ന ആണ്‍ ചീറ്റയാണ് ചത്തത്. മൂന്ന് ദിവസം മുന്‍പ് തേജസ് എന്ന മറ്റൊരു ആണ്‍ ചീറ്റ കൂടി ചത്തിരുന്നു. പല്‍പൂര്‍ ഈസ്റ്റ് ഫോറസ്റ്റ് റേഞ്ചിലെ മസാവാനി ബീറ്റില്‍ ചീറ്റ ചത്തുകിടക്കുന്നതായി നിരീക്ഷണ സംഘം കണ്ടെത്തുകയായിരുന്നു.
പെണ്‍ ചീറ്റയുമായി പോരടിച്ചതിന് ശേഷമാണ് തേജസ് എന്ന ചീറ്റ ചത്തത്
വെറ്റിനറി ഡോക്ടര്‍മാരുടെയും വനംവകുപ്പുകാരുടെയും സംഘം രാവിലെ 9 മണിയോടെ സംഭവസ്ഥലത്തെത്തിയെങ്കിലും ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചീറ്റയുടെ മുതുകിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍ ചീറ്റയുമായി പോരടിച്ചതോടെയാണ് തേജസ് എന്ന ആൺ ചീറ്റ ചത്തത്. സംഘർഷത്തിൻ്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ സാധിച്ചില്ലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പ്രൊജക്ടറ്റ് ചീറ്റയ്ക്ക് തുടക്കം കുറിക്കുന്നത്
മാര്‍ച്ച് 27ന് സാക്ഷ എന്ന പെണ്‍ചീറ്റക്കാണ് വൃക്ക രോഗം മൂലം ആദ്യം ജീവന്‍ നഷ്ടപ്പെടുന്നത്. ഏപ്രില്‍ 23 ന് ഉദയ് എന്ന ചീറ്റ ഹൃദയ രോഗം മൂലവും ചത്തു. മെയ് 9 ന് ദക്ഷ എന്ന പെണ്‍ ചീറ്റയ്ക്ക് ഇണ ചേരല്‍ ശ്രമത്തിനിടെയാണ് ജീവന്‍ നഷ്ടപ്പെട്ടത്. കാലവസ്ഥാ വ്യതിയാനവും നിര്‍ജ്ജലീകരണവും കാരണം രണ്ട് ചീറ്റക്കുട്ടികള്‍ മെയ് 25 നും ചത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പ്രൊജക്ടറ്റ് ചീറ്റയ്ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചത്തൊടുങ്ങുന്നത് ഈ പദ്ധതിയ്ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
ചീറ്റകളുടെ മരണത്തില്‍ വീഴ്ചകളുണ്ടെന്ന ആരോപണത്തെ കേന്ദ്രം നേരത്തെ നിഷേധിച്ചിരുന്നു.
''ചീറ്റകളുടെയും മൂന്ന് ചീറ്റക്കുട്ടികളുടെയും മരണത്തില്‍ പിന്നില്‍ ഒരു വീഴ്ചയുമില്ല. ഗ്ലോബല്‍ വൈല്‍ഡ് ലൈഫ് ലിറ്ററേച്ചറില്‍ ചീറ്റക്കുഞ്ഞുങ്ങളുടെ മരണസാധ്യതകളെ കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്,'' ദേശീയോദ്യാനത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.