INDIA

മംഗളൂരു പോലീസിൽ ആന്റി കമ്മ്യൂണൽ വിങ്; വർഗീയ സംഘർഷവും സദാചാര പോലീസിങും തടയൽ ലക്ഷ്യം

സ്ഥിരം വർഗീയവാദികളെയും സംഘടനകളെയും സാദാചാര ഗുണ്ടകളെയും നോട്ടമിട്ട് പുതിയ വിങ്

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ വർഗീയ സംഘർഷങ്ങൾക്കും സദാചാര പോലീസിങിനും തടയിടാൻ സംസ്ഥാന പോലീസിൽ പ്രത്യേക വിങ് നിലവിൽ വന്നു. വർഗീയ വിരുദ്ധ വിങ് (ആന്റി കമ്മ്യുണൽ വിങ്) എന്ന് പേരിട്ടിരിക്കുന്ന വിഭാഗം മംഗളൂരു പോലീസിൽ പ്രവർത്തനം ആരംഭിച്ചു. മംഗളൂരു കമ്മീഷണറേറ്റിന്റെ അധികാര പരിധിയിൽ ഒരു എസിപിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമായാണ് വിങ് പ്രവർത്തിക്കുക, മംഗളൂരു സിറ്റി സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഇൻസ്പെക്ടർമാരാണ് വർഗീയ വിരുദ്ധ വിങിലെ അംഗങ്ങൾ.

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റതോടെയായിരുന്നു ആഭ്യന്തര വകുപ്പിൽ ഇത്തരം ഒരു വിങ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള കൂടിയാലോചന നടന്നത്. ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കഴിഞ്ഞ ആഴ്ച പദ്ധതി പ്രഖ്യാപിച്ചത്. മംഗളൂരു പോലീസിൽ തന്നെ ആദ്യം പദ്ധതി നടപ്പിലാക്കാൻ നിർദേശിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ സദാചാര പോലീസിങ് കേസുകളും വർഗീയ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുള്ള മേഖലയാണ് ദക്ഷിണ കന്നഡ ജില്ല ഉൾപ്പെടുന്ന തീരദേശ കർണാടക.

ഇരുമതങ്ങളിൽ വിശ്വസിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതും യാത്ര ചെയ്യുന്നതുമൊക്കെ വർഗീയ സംഘടനകൾ ചോദ്യം ചെയ്യുന്നതും ആളുകളെ ആക്രമിക്കുന്നതും പതിവായിരുന്നു

മേഖലയിൽ ഇതുവരെ ഉണ്ടായ വർഗീയ സംഘർഷങ്ങൾ, സദാചാര ഗുണ്ടായിസം, കൊലപാതകങ്ങൾ, പശുക്കടത്ത് കേസുകൾ, ഗോഹത്യ കേസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം പുതിയ വിങ് ശേഖരിക്കും. വർഗീയ സംഘർഷങ്ങളിൽ സ്ഥിരമായി പങ്കാളികളാകുന്ന രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, നേതാക്കൾ, പ്രവർത്തകർ എന്നിവരുടെ വിവരങ്ങളും വർഗീയ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. ഗുണ്ടാ നിയമ പ്രകാരമാകും വിധ്വംസക ശക്തികൾക്കെതിരെ നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുക.

കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇരുമതങ്ങളിൽ വിശ്വസിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതും യാത്ര ചെയ്യുന്നതുമൊക്കെ വർഗീയ സംഘടനകൾ ചോദ്യം ചെയ്യുന്നതും ആളുകളെ ആക്രമിക്കുന്നതും പതിവായിരുന്നു. ഇത്തരം സദാചാര ഗുണ്ടായിസത്തിന് അറുതി വരുത്താൻ കൂടി പുതിയ വിങ് ജാഗ്രത കാട്ടും.

കർണാടകയിലുടനീളം പദ്ധതി വ്യാപകമാക്കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. എന്നാൽ മറ്റിടങ്ങളിൽ പദ്ധതി എപ്പോൾ നിലവിൽ വരുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കർണാടക ആഭ്യന്തര വകുപ്പ് പുതിയ വിങ് സ്ഥാപിച്ചതോടെ കേസുകളിൽ കുടുങ്ങുന്ന പ്രവർത്തകർക്ക് നിയമ സഹായം ലഭ്യമാക്കാൻ ടോൾ ഫ്രീ നമ്പർ ആരംഭിച്ചിരിക്കുകയാണ് കർണാടക ബിജെപി.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്