കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ ഹിന്ദു വിരുദ്ധരെന്ന് മുദ്രകുത്തി ബിജെപി. സംസ്ഥാന നിയമസഭ കർണാടക ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബില്‍ 2024 പാസാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ വിമർശനം. ഒരുകോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങള്‍ നിന്ന് 10 ശതമാനം തുക നികുതിയായി ഈടാക്കാന്‍ സർക്കാരിനെ അനുവദിക്കുന്നതാണ് ബില്‍. സിദ്ധരാമയ്യ സർക്കാർ ഹിന്ദുത്വ വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്നും പണം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ബിജെപി ആരോപിക്കുന്നു.
ഖജനാവ് നിറയ്ക്കാനുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്ന് കർണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ പറഞ്ഞു. "കോണ്‍ഗ്രസ് സർക്കാര്‍ തുടർച്ചയായി ഹിന്ദു വിരുദ്ധ നയങ്ങളാണ് സംസ്ഥാനത്ത് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനത്തിലേക്ക് എത്തിനോക്കുകയും ഖജനാവ് നിറയ്ക്കാനായി ബില്‍ പാസാക്കുകയും ചെയ്തിരിക്കുകയാണ്," ബിജെപി അധ്യക്ഷന്‍ കുറിച്ചു.
"ഇത് ദാരിദ്ര്യമല്ലാതെ മറ്റൊന്നുമല്ല. ഭക്തർ നല്‍കുന്ന വഴിപാട് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായിരിക്കണം ഉപയോഗിക്കേണ്ടത്. അത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ ഭക്തരോട് കാണിക്കുന്ന വഞ്ചനയായി മാറും," വിജയേന്ദ്ര യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
മതത്തെ എന്തിനാണ് രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതെന്നായിരുന്നു വിജയേന്ദ്രയുടെ പരാമർശങ്ങളോട് പ്രതികരിച്ച കർണാടക മന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിച്ചത്. വർഷങ്ങളായി ഹിന്ദു താത്പര്യങ്ങളും ക്ഷേത്രങ്ങളും കോണ്‍ഗ്രസ് സംരക്ഷിച്ചിട്ടെയുള്ളുവെന്നും മന്ത്രി ഓർമിപ്പിച്ചു.