INDIA

'സന്തോഷത്തിന്റെ നിറങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യണം, ഹാപ്പി ഹോളി ദോസ്ത്', ഉമര്‍ ഖാലിദിനെ സന്ദർശിച്ച് അപേക്ഷ

അപേക്ഷയുടെ പന്ത്രണ്ടാം ജയില്‍ സന്ദര്‍ശനമായിരുന്നു ഹോളി ദിനത്തിലേത്

വെബ് ഡെസ്ക്

''ഏകതാനമായ താളവും കടുത്ത നിയന്ത്രണവും ജയിലില്‍ നിങ്ങളുടെ ജീവിതം ഏകവര്‍ണമായതു പോലെ തോന്നും. തളര്‍ന്ന അതേ കണ്ണുകളും ക്ഷീണിച്ച കാത്തിരിപ്പും നിങ്ങള്‍ കാണും. ജീവിതത്തിന് നിറങ്ങള്‍ എങ്ങനെ ഊര്‍ജം പകരുന്നുവെന്ന് നിങ്ങള്‍ മറക്കും,'' ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണത്തടവുകാരനായി മൂന്നര വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ വാക്കുകളാണിത്. നിറങ്ങളുടെ ആഘോഷമായ ഹോളി കടന്നുപോയിരിക്കുന്നു. ഹോളിയും ആഘോഷവുമെല്ലാം അപേക്ഷ പ്രിയദർശിനിയെ ഓർമപ്പെടുത്തുന്നത് ഉമർ ഖാലിദിനെയാണ്.

നിറങ്ങളെയും ആഘോഷങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന ഉമറിനെ ഹോളി ദിനത്തിൽ സന്ദർശിക്കാതിരിക്കാൻ അപേക്ഷയ്ക്ക് സാധിക്കുമായിരുന്നില്ല. ഉമറിനെ തിഹാർ ജയിലിലെത്തി സന്ദർശിച്ചശേഷം അപേക്ഷ ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈകാരികമാണ്. വരികളില്‍ പതിഞ്ഞ താളത്തില്‍ നയിക്കപ്പെടുന്ന ഉമറിന്റെ ജീവിതത്തിന്റെ നിരാശയുണ്ട്, പരോള്‍കാല ഓർമകളിലെ ആശ്വാസമുണ്ട്, മോചനം ലഭിക്കുമെന്ന അവസാനിക്കാത്ത പ്രതീക്ഷയുമുണ്ട്.

അപേക്ഷ പ്രിയദർശിനിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

''തിഹാറിലെ എന്റെ പന്ത്രണ്ടാം സന്ദര്‍ശനം...

ഹോളി എപ്പോഴും എന്നെ ഓര്‍മപ്പെടുത്തുന്നത് ഉമറിനെയാണ്. ഞാനൊരിക്കലും ഈ ആഘോഷത്തിന്റെ ആരാധികയായിരുന്നില്ല. എന്നാല്‍ നിറങ്ങളുമായി കളിക്കുമ്പോഴുള്ള അവന്റെ മുഖത്തെ ആനന്ദം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. കഴിഞ്ഞയാഴ്ച തിഹാറിലെ സന്ദര്‍ശനത്തിനിടയില്‍ ജയിലിനുള്ളില്‍ മറ്റെന്തിനേക്കാളും അവന് നഷ്ടപ്പെടുന്നത് നിറങ്ങളാണെന്ന് എന്നോട് പറഞ്ഞിരുന്നു.

ശൈത്യകാലത്ത് കോടതിയില്‍ ഹാജരാക്കാന്‍ പോയതും സൂര്യാസ്തമയത്തിനുശേഷം തിരിച്ചുവന്നതുമായ സന്ദര്‍ഭങ്ങളിലൊന്ന് അവന്‍ വിശദമായി എന്നോട് വിവരിച്ചു. ഏഴു ദിവസത്തെ പരോളില്‍ പോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ വളരെയധികം കാലത്തിനുശേഷമായിരുന്നു അവന്‍ രാത്രിയിലെ നഗരം കാണുന്നതെന്ന് പറഞ്ഞു.

വിവാഹ സീസണായതിനാലും റോഡുകളില്‍ കനത്ത തിരക്കുള്ളതിനാലും അദ്ദേഹത്തെ കൊണ്ടുപോയ പോലീസ് വാന്‍ നഗരത്തിലൂടെ കൂടുതല്‍ വളഞ്ഞുപുളഞ്ഞ വഴിയിലൂടെയായിരുന്നു സഞ്ചരിച്ചത്.

പോലീസ് വാനിന്റെ മുന്‍വശത്തെ ഗ്രില്ലിലൂടെ വിവാഹവേദികളിലെ മിന്നുന്ന ലൈറ്റുകളുടെയും ബള്‍ബുകളുടെയും ദൃശ്യങ്ങള്‍ കണ്ട അവന്‍ തനിക്ക് നഷ്ടപ്പെട്ട സ്വന്തം നഗരത്തിന്റെ രാത്രികാഴ്ചകളെ കൂടിയാണ് അന്ന് തിരിച്ചറിഞ്ഞത്. പല നിറങ്ങള്‍ ഒരുമിച്ചു കണ്ടതിന്റെ അനുഭവം പോലും മറന്നുപോയതുപോലെ അവന് തോന്നി.

''ഏകതാനമായ താളവും കടുത്ത നിയന്ത്രണവും ജയിലിൽ നിങ്ങളുടെ ജീവിതം ഏകവര്‍ണമായതു പോലെ തോന്നും. തളര്‍ന്ന അതേ കണ്ണുകളും ക്ഷീണിച്ച കാത്തിരിപ്പും നിങ്ങള്‍ കാണും. ജീവിതത്തിന് നിറങ്ങള്‍ എങ്ങനെ ഊര്‍ജം പകരുന്നുവെന്ന് നിങ്ങള്‍ മറക്കും.'' അവന്‍ നിറങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അറിയുന്നതിനാല്‍ ഇത് കേട്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടമായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, വര്‍ത്തമാനകാല രാഷ്ട്രീയ അന്തരീക്ഷവും കേസിലെ ജാമ്യാപേക്ഷയിലെ അനിശ്ചിതത്വവും കണക്കിലെടുക്കുമ്പോള്‍ ഈ ഏകവര്‍ണ ജീവിതവുമായി പൊരുത്തപ്പെടാന്‍ തീരുമാനിച്ചതായി അവന്‍ പറഞ്ഞു.

വൈകുന്ന നീതിയും ദീര്‍ഘകാലം അന്യായമായി തടവിലാക്കപ്പെടുകയും ചെയ്ത അവന്‍ ഇനി മോചിതനായാല്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യമെന്ന് വിളിക്കാനാകുമോയെന്നും ഞാന്‍ സ്വയം ചിന്തിച്ചു. പക്ഷേ, സന്ദർശനസ്ഥലത്തെ തകര്‍ന്ന ഫോണ്‍ സെറ്റുകള്‍ക്കും ജയില്‍ ഗാര്‍ഡുകളുടെ കണ്ണുകള്‍ എപ്പോഴും പതിക്കുന്ന ക്ലോക്കുകള്‍ക്കുമിടയില്‍ സങ്കടപ്പെട്ട് അധിക സമയം ഞാന്‍ പാഴാക്കിയില്ല.

അവന്‍ ചിരിക്കുന്നതു കേള്‍ക്കാനും കാണാനും വേണ്ടി സാധാരണ അവന്‍ ചിരിക്കാത്ത രീതിയിലുള്ള തമാശകള്‍ പോലും ഞാന്‍ പറഞ്ഞു. പ്രിയപ്പെട്ട ഒരാളെ കോടതിയില്‍ കാണുന്നതുവരെയോ അടുത്ത സന്ദർശനം വരെയോ അവന്‍ ഇനി പുഞ്ചിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നിട്ടും അവന്‍ ചിരിച്ചു. സന്ദർശനത്തിന്റെ പിറ്റേന്നും ഞാന്‍ അവനെ കോടതിയില്‍ കാണാന്‍ പോയിരുന്നു. അവിടെ അവന്റെ സുഹൃത്തുക്കളെ കാണാനോ ആലിംഗനം നല്‍കാനോ അഞ്ച് മിനുറ്റ് പോലും നല്‍കാതെ പോലീസ് മാറ്റിനിര്‍ത്തി.

പെരുന്നാളിന് അവനുവേണ്ടി ഞാനെടുത്ത കുര്‍ത്തയ്ക്കും അതിലൂടെ കടന്നുപോകുന്ന സുഗന്ധത്തിനും അവൻ എന്നോട് നന്ദി പറഞ്ഞു. ''നിനക്കറിയാമോ, നിറങ്ങള്‍ക്കൊപ്പം ഒരു സ്വതന്ത്ര ജീവിതത്തിന്റെ സുഗന്ധങ്ങളും ഞാന്‍ വളരെ മിസ് ചെയ്യുന്നു. ഇനി മുതല്‍ എന്റെ വൃത്തികെട്ട വസ്ത്രങ്ങളെല്ലാം നിനക്ക് നല്‍കാമെന്ന് ഞാന്‍ കരുതുന്നു. നിനക്ക് അവ വൃത്തിയുള്ളതും മനോഹരമായ മണമുള്ളതുമായി തിരികെ നല്‍കാം,''എന്ന് അവന്‍ എന്നോട് പറഞ്ഞു.

ഒരു ദിവസത്തില്‍നിന്ന് അടുത്ത ദിവസത്തിലേക്ക് അവന്‍ എങ്ങനെ കടന്നുപോകുന്നുവെന്നും അവ്യക്തമായ ഇരുട്ടിനോട് അവന്‍ എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും എനിക്കറിയില്ല. പക്ഷേ, കുറച്ചു നേരത്തേക്കുള്ള ചിരിയും ഇടയ്ക്കിടെയുള്ള മനോഹരമായ മണമുള്ള ഒരു തുണിക്കഷ്ണവും അവനെ സന്തോഷിപ്പിക്കുന്നുവെങ്കില്‍, അവന്റെ ചിരി എന്റെ കാതുകളില്‍ മുഴങ്ങുന്നത് കേള്‍ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞാന്‍ ഉറപ്പാക്കും.

ഹാപ്പി ഹോളി സുഹൃത്തേ, വളരെ പെട്ടെന്ന് നിങ്ങളുടെ സ്വാതന്ത്ര്യത്തിൻ്റെ സുഗന്ധം അനുഭവിക്കാനും സന്തോഷത്തിന്റെ നിറങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാനും സാധിക്കട്ടെ' എന്ന് അപേക്ഷ പറഞ്ഞ് നിർത്തുമ്പോള്‍ നിറമില്ലാത്ത ഉമറിന്റെ ജീവിതം നമുക്ക് മുന്നിലൂടെ കടന്നുപോകും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം