എപിജെ അബ്ദുൾ കലാം 
INDIA

എന്തുകൊണ്ട് കലാം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ വിസമ്മതിച്ചു? വെളിപ്പെടുത്തലുമായി 'കലാം: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി'

വെബ് ഡെസ്ക്

എന്‍ഡിഎ ഭരണകാലത്ത് പ്രസിഡന്റായിരുന്ന എപിജെ അബ്ദുള്‍ കലാം എന്തുകൊണ്ടാണ് പിന്നീട് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ വിസമ്മതിച്ചത്? വീണ്ടും രാഷ്ട്രപതിയാകണമെന്ന് ആവശ്യം പല കോണുകളില്‍ നിന്നുയര്‍ന്നപ്പോഴും എന്തുകൊണ്ടാണ് കലാം മാറി നിന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് കലാമിന്റെ ചീഫ് സെക്രട്ടറി ആര്‍.കെ പ്രസാദ്. കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രസാദിന്റെ 'കലാം ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പുസ്‌തകത്തിലാണ് കലാമിനെക്കുറിച്ചുള്ള അറിയാക്കഥകള്‍ പറയുന്നത്. ആര്‍എസ്എസ് അനുഭാവിയെന്ന് വിളിക്കപ്പെടുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് കലാം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നതില്‍നിന്ന് ആദ്യം വിട്ടുനിന്നത്. പറഞ്ഞ തീയതിക്ക് എത്താതിരുന്നത് ആര്‍എസ്എസിനെയും ചൊടിപ്പിച്ചു. പിന്നീട്, ഒരു മാസത്തിന് ശേഷം കലാം സന്ദര്‍ശനം നടത്തിയെങ്കിലും ഉന്നത നേതാക്കളാരും സന്നിഹിതരായിരുന്നില്ല. സ്ഥാനമോഹിയെന്ന വിശേഷണം ഭയന്നാണ് വീണ്ടും രാഷ്ട്രപതിയാകാനുള്ള ആഹ്വാനങ്ങളെ കലാം അവഗണിച്ചതെന്നും പുസ്തകം പറയുന്നു.

2014 മെയ് മാസത്തിലാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി രാം മാധവില്‍ നിന്ന് കലാമിന് ക്ഷണം ലഭിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശീലന ക്യാമ്പില്‍ യുവ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കലാമിന്റെ ചുമതല. ക്യാമ്പ് ജൂണ്‍ രണ്ടിന് മുന്‍പായി അവസാനിക്കുമെന്നും അദ്ദേഹത്തിന് സൗകര്യപ്രദമായ ഒരു തീയതിയില്‍ കലാം അവിടെ സന്ദര്‍ശിക്കണമെന്നുമാണ് അവര്‍ അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം സംഘടന ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആര്‍എസ്എസ് അനുഭാവിയെന്ന് മുദ്ര കുത്താനിടയുണ്ടെന്നും സുഹൃത്തുക്കള്‍ ഉപദേശിച്ചതോടെ നിശ്ചയിച്ച തീയതി മാറ്റാന്‍ കലാം ആവശ്യപ്പെട്ടു. പിന്നീട് എത്താമെന്ന് അറിയിക്കുകയും ചെയ്തു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങളും പരസ്യങ്ങളും ആര്‍എസ്എസ് ആദ്യമേ നല്‍കിയതിനാല്‍ തീയതി മാറ്റത്തിന്റെ വിവരം അറിയിക്കാന്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും ആര്‍ കെ പ്രസാദ് പറയുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തില്‍ ആര്‍എസ്എസ് നേതൃത്വം ശരിക്കും അലോസരപ്പെട്ടിരുന്നു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശീലന ക്യാമ്പില്‍ യുവ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കലാമിന്റെ ചുമതല

ബ്ലുംസ്‌ബെറി പ്രസിദ്ധീകരിച്ച കലാം ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഉന്നത രാഷ്ട്രീയ നേതാക്കളുമായി കലാമിന് ഉണ്ടായിരുന്ന ബന്ധങ്ങളിലേയ്ക്കും വിവാദങ്ങളിലേയ്ക്കും വിരല്‍ ചൂണ്ടുന്നുണ്ട്. മറ്റുള്ളവര്‍ തന്നെ വെറുക്കുന്നത് ഭയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കലാം എന്നാണ് പ്രസാദിന്റെ മറ്റൊരു പ്രധാന പരാമര്‍ശം. കലാമിന്റെ രാഷ്ട്രപതി കാലയളവ് അവസാനിക്കുന്ന 2007ല്‍, കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. എപിജെ തന്നെ രാഷ്ട്രപതിയാകണമെന്നായിരുന്നു പൊതുജനാഭിപ്രായം. ആയിരക്കണക്കിന് കത്തുകളും ഇമെയിലുകളുമാണ് എപിജെ തന്നെ രാഷ്ട്രപതിയാകണം എന്നാവശ്യപ്പെട്ട് ലഭിച്ചത്. പദവിയില്‍ തന്നെ തുടരണമെന്നാവശ്യപ്പെട്ട് പ്രശസ്ത നിയമജ്ഞനായ ഫാലി നരിമാന്‍ അയച്ച കത്ത് ഇപ്പോഴും തന്റെ കയ്യിലുണ്ടെന്നും പ്രസാദ് പുസ്തകത്തില്‍ പറയുന്നു. മാധ്യമങ്ങളും അദ്ദേഹം തുടരണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നു.

യുപിഎ മുന്നണിയില്‍ കലാം വീണ്ടും രാഷ്ട്രപതിയാകുന്നതിനെ വിമര്‍ശിച്ചവരുമുണ്ടായിരുന്നു

എന്നാല്‍ യുപിഎ മുന്നണിയില്‍ കലാം വീണ്ടും രാഷ്ട്രപതിയാകുന്നതിനെ വിമര്‍ശിച്ചവരുമുണ്ടായിരുന്നു. കലാം തുടരുന്നതില്‍ അതൃപ്തിയറിയിച്ച് ഇടതുപക്ഷ നേതാവ് എബി ബര്‍ദന്‍ രംഗത്തെത്തിയിരുന്നു. ഇമെയിലുകളും കത്തുകളുമല്ല രാഷ്ട്രപതിയെ തീരുമാനിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പൊഖ്‌റാന്‍ 2 ആണവ പരീക്ഷണത്തിന് കലാം നേതൃത്വം നല്‍കിയതും, ഒരു പ്രസംഗത്തില്‍ ഇന്ത്യയില്‍ ദ്വികക്ഷി പാര്‍ട്ടി സംവിധാനം വേണമെന്നാവശ്യപ്പെട്ടതും ഇടതുപക്ഷത്തിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്ന ബിനോയ് വിശ്വത്തെപ്പോലെയുള്ളവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതായി പ്രസാദ് പറയുന്നു. പക്ഷേ ബിനോയ് വിശ്വത്തിനും പാര്‍ട്ടി കാഴ്ച്ചപ്പാടുകള്‍ പിന്തുടരേണ്ടി വന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രപതിയാകാന്‍ പ്രതിഭാ പാട്ടീലിന് കളമൊരുങ്ങുകയായിരുന്നു. ഒരു രാഷ്ടപതി എങ്ങനെ പെരുമാറണമെന്ന് ഇനി കാണിച്ചു തരാം എന്ന രീതിയിലായിരുന്നു സിപിഐയുടെ ഭാഗത്ത് നിന്നുള്ള പ്രധാന വിമര്‍ശനം.

എതിരാളിയെപ്പോലെ ആരോടും മത്സരിക്കില്ലെന്നായിരുന്നു കലാമിന്റെ നിലപാട്

ഇതെല്ലാം മാധ്യമങ്ങളിലൂടെ കലാം അറിയുന്നുണ്ടായിരുന്നെങ്കിലും ഒന്നും പ്രതികരിക്കാതെ എല്ലാ വിമര്‍ശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. കലാമിനോട് പദവിയില്‍ തുടരണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രംഗത്തെത്തിയിരുന്നു. കലാമിന് വോട്ട് ചെയ്യാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഏകോപിപ്പിക്കാം എന്ന് പറഞ്ഞെങ്കിലും കലാം വിസമ്മതിക്കുകയായിരുന്നു. ഒരു എതിരാളിയെപ്പോലെ ആരോടും മത്സരിക്കില്ലെന്നായിരുന്നു കലാമിന്റെ നിലപാട്. അദ്ദേഹം സമ്മതിച്ചിരുന്നെങ്കില്‍ രണ്ടാമതും രാഷ്ട്രപതിയാകമായിരുന്നു.

എല്ലാവരാലും ഇഷ്ടപ്പെടാന്‍ മാത്രമാണ് കലാം ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ ദൗര്‍ബല്യവും അതായിരുന്നു. ആരെയും ശത്രുവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച വലിയ, ചെറിയ മനുഷ്യനായിരുന്നു എപിജെ അബ്ദുള്‍കലാം. വിജയ കഥകളേക്കാളുപരി പരാജയ കഥകള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച അദ്ദേഹം ഇന്നും ജനങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രപതിയാണ്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ