ഇന്ത്യയില്‍ ആദ്യമായി ആപ്പിള്‍ കമ്പനിയുടെ റീട്ടെയില്‍ സ്റ്റോര്‍ കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക് നേരിട്ടെത്തിയാണ് മുംബൈയിലെ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നാലെ ഡല്‍ഹിയിലെത്തി ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ ആപ്പിള്‍ മേധാവി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലുടനീളം നിക്ഷേപം നടത്താനാണ് പ്രതിജ്ഞാബദ്ധമാണെന്ന് ടിം കുക്ക് പറയുന്നു.
"ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. ഇന്ത്യയുടെ ഭാവിയിൽ സാങ്കേതികവിദ്യയ്ക്കുള്ള സ്വാധീനത്തെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പടാണ് എനിക്കുമുള്ളത് - വിദ്യാഭ്യാസ രംഗവും ഡെവലപ്പർമാരും മുതൽ നിർമാണവും പരിസ്ഥിതിയും വരെ, രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും നിക്ഷേപം നടത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ”കുക്ക് ട്വിറ്ററിൽ കുറിച്ചു.
ആപ്പിള്‍ സിഇഒയുമായി കൂടിക്കാഴ്ച നടത്തിയതിലെ സന്തോഷം പ്രധാനമന്ത്രിയും ട്വിറ്ററിലൂടെ പങ്കുവച്ചു. പല വിഷയങ്ങളിലുമുള്ള ആശയങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കുവച്ചെന്ന് പ്രധാനമന്ത്രി പറയുന്നു. ഇന്ത്യയിൽ നടക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിത പ്രവർത്തനങ്ങളെ ടിം കുക്ക് എടുത്തുപറഞ്ഞെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച് 25 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് രാജ്യത്ത് ആപ്പിള്‍ കമ്പനിയുടെ റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മുംബയിൽ ചൊവ്വാഴ്ച ആരംഭിച്ച ആദ്യ സ്റ്റോർ ടിം നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഡൽഹിയിലെ സാകേതിൽ വ്യാഴാഴ്ച രണ്ടാമത്തെ സ്റ്റോർ പ്രവർത്തനമാരംഭിക്കും.
ലോകമെമ്പാടുമുള്ള ആളുകളെ ശാക്തീകരിക്കുകയും അവരുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ടിം കുക്ക് പറഞ്ഞിരുന്നു. ഇന്ത്യയിലെ നിർമാണ - അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. 2030-ഓടെ വിതരണ ശൃംഖലയ്ക്കും ഉത്പന്നങ്ങൾക്കും പൂർണമായും കാർബൺ ന്യൂട്രൽ ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ ഉത്പാദന പ്രവർത്തനങ്ങൾക്കായി 100 ശതമാനം ശുദ്ധമായ ഊർജം ഉപയോഗിക്കാനാണ് ആപ്പിളിന്റെ തീരുമാനം.