ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏകീകൃത സിവില്‍ കോഡ് എന്ന വാഗ്ദാനം നല്‍കിയ ബിജെപി, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വാഗ്ദാനം പാലിച്ചില്ല. രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ബിജെപി സര്‍ക്കാര്‍ കാത്തിരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തില്‍ എത്തിയപ്പോഴായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍ നടപ്പാക്കും മുന്‍പ് എല്ലാ സമുദായങ്ങളോടും ചര്‍ച്ച ചെയ്യണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം ഗുജറാത്ത് സര്‍ക്കാര്‍ തുടങ്ങിവെച്ചിരുന്നു. ഇതിനായുള്ള നിയമ വശങ്ങള്‍ വിലയിരുത്താന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേത്യത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചത്. ഇന്നലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.