ഗുജറാത്തിലെ വഡോദരയിൽ ആം ആദ്മി പാർട്ടി പരിപാടിയിൽ ജയ് ശ്രീറാം വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസം 10,000 ത്തോളം പേർ ഡൽഹിയിൽ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ എഎപി മന്ത്രി പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലിയത് വിവാദമായതിന് പിന്നാലെയാണ് കെജ്‍രിവാളിന്റെ ജയ് ശ്രീറാം മുഴക്കൽ. ഉറച്ച ഭക്തനെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് കെജ്‍രിവാൾ "ജയ് ശ്രീറാം", ജയ് ശ്രീകൃഷ്ണ" എന്ന് വിളിച്ചുപറഞ്ഞത്.
''അവർ എന്നെ കുറിച്ച് മോശം പരാമർശങ്ങളാണ് നടത്തുന്നത്. അത് ഞാൻ കാര്യമാക്കുന്നില്ല. വിദ്വേഷത്താൽ അവർ അന്ധരായിരിക്കുകയാണ്. ദൈവങ്ങളെ പോലും അവർ അപമാനിക്കുകയാണ്''- ബിജെപിയെ കടന്നാക്രമിച്ച് കെജ്‍രിവാൾ പറഞ്ഞു. സാമൂഹ്യക്ഷേമ മന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം ഡൽഹിയിലെ ബുദ്ധമത പരിപാടിയിൽ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് വ്യാപക ആക്രമണമാണ് ആംആദ്മി പ്രവർത്തകർക്ക് നേരെ ബിജെപി നടത്തുന്നത്.
നേരത്തെ വഡോദരയിൽ അരവിന്ദ് കെജ്‌രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും തിരംഗയാത്രക്ക് മുന്നോടിയായി ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. "ഹിന്ദു വിരുദ്ധൻ കെജ്‍രിവാൾ ഗോ ബാക്ക്" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രതിഷേധം. കെജ്‍രിവാളിന്റെ വരവിന് മുന്നോടിയായി കെജ്‍രിവാൾ ഹിന്ദു വിരുദ്ധൻ എന്ന് എഴുതിയ പോസ്റ്ററുകളും ബാനറുകളും കഴിഞ്ഞ ദിവസം വഡോദരയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. കൂടാതെ കെജ്‌രിവാളിനെ തലപ്പാവ് ധരിച്ച ഒരു മുസ്ലീമായി ചിത്രീകരിച്ച് ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെ റോഡുകളിലും കവലകളിലും നിരവധി കറുത്ത ഹോർഡിംഗുകളും സ്ഥാപിച്ചിരുന്നു. ''ബ്രഹ്മാവ്, വിഷ്ണു, മഹേഷ്, രാമൻ, കൃഷ്ണൻ എന്നിവരെ ദൈവമായി ഞാൻ വിശ്വസിക്കുന്നില്ല", "ഇത് ആം ആദ്മി പാർട്ടിയുടെ വാക്കുകളും ആചാരങ്ങളുമാണ്.'' എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. ഡൽഹിയിലെ അംബേദ്കർ ഭവനിൽ നടന്ന ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങിൽ എഎപി എംഎൽഎ രാജേന്ദ്ര പാൽ ഗൗതം പങ്കെടുത്തതിന് പിന്നാലെയാണിത്.
''എനിക്ക് ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരരിലും വിശ്വാസമില്ല, അവരെ ആരാധിക്കുകയുമില്ല. ദൈവത്തിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന രാമനിലും കൃഷ്ണനിലും എനിക്ക് വിശ്വാസമില്ല, അവരെ ആരാധിക്കുകയുമില്ല.'' ചടങ്ങിനിടെ രാജേന്ദ്ര പാൽ ഗൗതം ഈ പ്രതിജ്ഞകൾ ഏറ്റുപറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് ചടങ്ങിൽ ബുദ്ധമതം സ്വീകരിക്കുമെന്നും ഹിന്ദു ദേവതകളെ ദൈവമായി കാണില്ലെന്നും പ്രതിജ്ഞയെടുത്തത്. സംഭവത്തിന് പിന്നാലെ ഗൗതമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കെജ്‌രിവാളിനെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അതേസമയം, വിഷയത്തിൽ എഎപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു. 1956-ൽ ഇത്തരമൊരു പരിപാടിയിൽ ബുദ്ധമതം സ്വീകരിച്ച ഇതിഹാസ ദളിത് നേതാവ് എടുത്ത പ്രതിജ്ഞകൾ ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എഎപി മന്ത്രി ഹിന്ദുക്കൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകുകയും പരിപാടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.
അതിനിടെ, ഗുജറാത്തിൽ ബിജെപിയുടെ പരാജയഭീതിയാണ് ഈ ഗുണ്ടായിസത്തിൽ നിന്ന് മനസിലാകുന്നതെന്ന് മുതിർന്ന എഎപി നേതാവ് ദുർഗേഷ് പഥക് ട്വീറ്റ് ചെയ്തു. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിലാണ് കെജ്‌രിവാളും ഭഗവന്ത് മന്നും. ഭരണകക്ഷിയായ ബിജെപിക്കെതിരെ ശക്തമായ പ്രചാരണമാണ് എഎപി ഗുജറാത്തിൽ നടത്തുന്നത്.