വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മസ്ജിദില്‍ ഖനനം നടത്തരുതെന്നും കേടുപാടുകളുണ്ടാക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശം നൽകി.
സര്‍വേ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നല്‍കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ മനോജ് മിശ്ര, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍വേയ്ക്കിടെ ഒരു പള്ളിയുടെ ഭാഗങ്ങളിലൊന്നും ഖനനം നടത്തരുതെന്നും കേടുപാടുകള്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സര്‍വേയ്ക്കിടെ സ്ഥലത്ത് നാശനഷ്ടമുണ്ടാകില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയില്‍ അറിയിച്ചു.
ചരിത്രം കുഴിച്ചു മൂടുന്നതിനും ആരാധനാലയ നിയമം ലംഘിക്കുന്നതിനും സാഹോദര്യവും മതേതരത്വവും ലംഘിക്കാനുമാണ് സർവേയെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. 500 വര്‍ഷം മുന്‍പ് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ചരിത്രത്തിലേക്കുള്ള കടന്നുകയറ്റമാണ് സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത് വീണ്ടും മുറിവുകളുണ്ടാക്കുമെന്നും അവര്‍ കോടതിയിൽ വാദിച്ചു.
ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്താനുള്ള അനുമതി ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. സര്‍വേ നടത്താന്‍ അനുവദിക്കരുതെന്നായിരുന്നു കമ്മിറ്റിയുടെ ഹര്‍ജിയിലെ ആവശ്യം. വാരണാസി കോടതി വിധിയെ ചോദ്യം ചെയ്ത് പള്ളിക്കമ്മറ്റി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നീതിയുടെ താത്പര്യത്തിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
അതിനിടെ ഗ്യാന്‍വാപി പള്ളിയില്‍ എഎസ്ഐ സര്‍വേ നടപടികൾ ആരംഭിച്ചു. സർവേയുടെ ഭാഗമായി മസ്ജിദ് പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 41 ഉദ്യോഗസ്ഥരാണ് ഇന്നത്തെ സർവേയുടെ ഭാഗമായത്.