സംഘർഷം ശമിക്കാത്ത മണിപ്പൂരിൽ വീണ്ടും വെടിവയ്പ്. കുകി സമുദായക്കാരായ മൂന്നുപേരെ വെടിവച്ചുകൊന്നു. ആയുധധാരികളായ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നെന്ന് സുരക്ഷാസേന സ്ഥിരീകരിച്ചു.
ഉഖ്രുൽ പട്ടണത്തിൽനിന്ന് 47 കിലോമീറ്റർ മാറി കുകി ആദിവാസികൾ താമസിക്കുന്ന തൗവായ് കുകി ഗ്രാമത്തിൽ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. “ഒരു സംഘം ആയുധധാരികളായ അക്രമികൾ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നുപേർ കൊല്ലപ്പെട്ടു. മറ്റാർക്കും പരുക്കേറ്റിട്ടില്ല,” പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കി. അക്രമികളെ പിടികൂടാൻ പോലീസും സൈന്യവും സംയുക്ത ഓപ്പറേഷൻ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ രണ്ട് സമുദായങ്ങൾക്കിടയിൽ നടന്ന വെടിവയ്പിൽ മൂന്ന് മെയ്തികളും രണ്ട് കുക്കികളും ഉൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
മെയ്തി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകാനുള്ള ഹൈക്കോടതി വിധിയുടെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനത്തിൽ പ്രതിഷേധിച്ച് കുകിവിഭാഗക്കാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് മെയ് മൂന്നിനാണ് മണിപ്പൂരിലെ ചുരാചന്ദ്പൂർ പട്ടണത്തിൽ ആദ്യം സംഘർഷമുണ്ടായത്. തുടർന്നുണ്ടായ വംശീയ കലാപത്തിൽ 180ലേറെ പേർ കൊല്ലപ്പെടുകയും അൻപതിനായിരത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.