INDIA

'മണിപ്പൂരിലെ പ്രാദേശിക മാധ്യമങ്ങള്‍ ഒരു വിഭാഗത്തെ ലക്ഷ്യം വച്ചു' സൈന്യം എഡിറ്റേഴ്‌സ് ഗില്‍ഡിന് എഴുതിയ കത്ത് പുറത്ത്

സുപ്രീംകോടതിയിലെ വാദത്തിനിടയിലാണ് സൈന്യം പ്രാദേശിക മാധ്യമങ്ങളുടെ കലാപ റിപ്പോർട്ടിനെക്കുറിച്ച് പരിശോധിക്കണമെന്ന് കാണിച്ച് കത്തെഴുതിയ കാര്യം വെളിപ്പെടുത്തിയത്

വെബ് ഡെസ്ക്

മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടുത്തെ സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത് സൈന്യത്തിന്റെ ആവശ്യത്തെ തുടര്‍ന്നെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്. റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് കേസ് നേരിടുന്ന മൂന്ന് പത്രപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യം എഡിറ്റേഴ്‌സ് ഗില്‍ഡിന് അയച്ച കത്തിലെ വിശദാംശങ്ങളും പുറത്തുവന്നു.

പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്നായിരുന്നു സൈന്യത്തിന്റെ ആവശ്യം

ജൂലൈ 12 -ാം തീയതിയാണ് സൈന്യം എഡിറ്റേഴ്‌സ് ഗില്‍ഡിന് കത്തയച്ചത്. മണിപ്പൂരിലെ പ്രാദേശിക മാധ്യമങ്ങള്‍ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്നായിരുന്നു സൈന്യത്തിന്റെ ആവശ്യം. സൈന്യത്തിലെ ഇന്‍ഫോര്‍മേഷന്‍ വാര്‍ഫെര്‍ വിങ്ങിലെ കേണല്‍ അനുരാഗ് പാണ്ഡെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന് കത്തയച്ചത്. ''പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഒരു സമുദായത്തിനെതിരാണ്. അത് ദിവസവുമുള്ള റിപ്പോർട്ടുകളില്‍ വെളിപ്പെടുന്നുണ്ട്'' കത്ത് ചൂണ്ടിക്കാട്ടി. പ്രാദേശിക മാധ്യമങ്ങള്‍ വസ്തുതള്‍ നിര്‍ലജ്ജം വളച്ചൊടിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തനത്തിലെ എല്ലാ ധാര്‍മ്മികതയും വളച്ചൊടിക്കുന്നുവെന്നും കലാപത്തിന് ആവേഗം പകരാന്‍ ഇതും കാരണമായെന്നും സൈന്യം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ വിവരങ്ങള്‍ പിന്നീട് എഡിറ്റേഴ്‌സ് ഗില്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ച് കണ്ടെത്തണമെന്നായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡിനോടുള്ള സൈന്യത്തിന്റെ ആവശ്യം. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന്റെ തെളിവുകളും ഉള്‍പ്പെടുത്തിയായിരുന്നു സൈന്യത്തിന്റെ കത്ത്. സാന്‍ഗായ് എക്‌സ്പ്രസ്, ദി പിപ്പീള്‍സ് ക്രോണിക്കിള്‍, ഇംഫാല്‍ ഫ്രീ പ്രസ് എന്നീ പത്രങ്ങളുടെ റിപ്പോര്‍ട്ടുകളാണ് തെളിവുകളായി സൈന്യം ഉദ്ധരിച്ചത്. അധാര്‍മ്മികമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും രണ്ട് സമുദായങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ സാമാധാനത്തിന് ഒരു അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും കത്ത് ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ പ്രാദേശിക പത്രങ്ങൾ. ഇവയുടെ കോപ്പി ഉൾപ്പെടുത്തിയാണ് സൈന്യം എഡിറ്റേഴ്സ് ഗിൽഡിന് കത്തയച്ചത്

എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തത്. ഇവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വാദത്തിനിടയിലാണ് സൈന്യം ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തകർ മണിപ്പൂരിലേക്ക് പോയതെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഇതില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അത്ഭുതം രേഖപ്പെടുത്തുകയും ചെയ്തു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി