INDIA

കൊച്ചാർ ദമ്പതികളുടെ അറസ്റ്റ് സിബിഐയുടെ അധികാര ദുർവിനിയോഗമെന്ന് ബോംബൈ ഹൈക്കോടതി, രൂക്ഷ വിമർശനം

അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് സിബിഐയുടെ വാദം

വെബ് ഡെസ്ക്

വായ്പാ ക്രമക്കേട് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്ത സിബിഐ നടപടി അധികാര ദുർവിനിയോഗമാണെന്ന് ബോംബൈ ഹൈക്കോടതി. ഇരുവർക്കുമെതിരെയുള്ള വായ്പ തട്ടിപ്പ് കേസ് സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് കോടതി ഉയർത്തിയത്. കാര്യങ്ങൾ വിശദമായി പരിഗണിക്കാതെയും നിയമം കണക്കിലെടുക്കാതെയും ചെയ്ത പ്രവൃത്തിയാണ് അറസ്റ്റെന്നു കോടതി വിലയിരുത്ദതി. ദമ്പതികൾക്ക് ഡിവിഷൻ ബെഞ്ച് അനുവദിച്ച ഇടക്കാല ജാമ്യം ശരിവച്ച ഉത്തരവിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

വീഡിയോകോൺ-ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 23നാണ് ഐസിഐസിഐ ബാങ്കിൻ്റെ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ചന്ദയെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ "അറസ്റ്റിനുള്ള സാഹചര്യമോ അറസ്റ്റിന് കാരണമായ എന്തെങ്കിലും തെളിവുകളോ ഉണ്ടെന്ന് സ്ഥാപിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടു. സെക്ഷൻ 41A (3) CrPC യുടെ ഉപാധികളെ അറസ്റ്റ് നടപടി തൃപ്തിപ്പെടുത്തുന്നില്ല, " കോടതിയുടെ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

CrPC യുടെ 41A വകുപ്പ് പ്രകാരം, ഒരു അന്വേഷണ ഉദ്യോഗസ്ഥന് കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾക്ക് ഹാജരാകാനുള്ള നോട്ടീസ് നൽകാൻ കഴിയും. കോടതിയിൽ ഹാജരാകുകയും നോട്ടീസ് അനുസരിക്കുകയും ചെയ്‌താൽ, അറസ്റ്റ് ആവശ്യമായി വരുന്ന കാരണങ്ങൾ രേഖപ്പെടുത്താൻ ഇല്ലെങ്കിൽ ആ വ്യക്തിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി തന്നെ വിവിധ വിധികളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പ്രതി പാലിക്കുകയാണെങ്കിൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഈ വകുപ്പ് പരിമിതപ്പെടുത്തുന്നു. പോലീസിന് തീർത്തും ഉറപ്പുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നും വ്യക്തമാക്കുന്നുണ്ട്. സിആർപിസി സെക്ഷൻ 41 എ കൊണ്ടുവന്നത് പതിവ് അറസ്റ്റുകൾ ഒഴിവാക്കാനാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് സിബിഐയുടെ വാദം. എന്നാൽ "ചോദ്യം ചെയ്യുമ്പോൾ നിശബ്ദത പാലിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

സിബിഐ നൽകിയ നോട്ടീസുകൾ തങ്ങൾ പാലിച്ചിട്ടുണ്ടെന്നും രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും കൊച്ചാർ ദമ്പതികൾ കോടതിയെ അറിയിച്ചു. നിശബ്ദത പാലിക്കാനുള്ള തങ്ങളുടെ അവകാശത്തെ നിസ്സഹകരണവുമായി തുലനം ചെയ്യാനാവില്ലെന്നും ഇവർ വ്യക്തമാക്കി. 2023 ജനുവരി 9-നാണ് ദമ്പതികൾക്ക് ഇടക്കാല ഉത്തരവിലൂടെ ജാമ്യം ലഭിച്ചത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം