പാരീസ് ഒളിമ്പിക്സ് വേദിയിൽ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളി നേടിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി നീരജിന്റെ അമ്മ സരോജ് ദേവിയുടെ പ്രതികരണം. മകന്റെ വെള്ളിനേട്ടത്തിനൊപ്പം അർഷാദ് നദീമിന്റെ സ്വർണ്ണനേട്ടത്തിലും അഭിമാനം പങ്കുവെക്കുന്ന സരോജ് ദേവിയുടെ പരാമർശമാണ് ഏവരുടെയും ഹൃദയം കവരുന്നത്.
ജാവലിന്‍ ത്രോയില്‍ സ്വർണ്ണം നേടിയ പാകിസ്താന്റെ അർഷാദ് നദീമും തന്റെ മകനെ പോലെയാണെന്നായിരുന്നു സരോജ ദേവി പറഞ്ഞത്. നീരജിന്റെ വെള്ളിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും, സ്വർണം നേടിയതും എൻ്റെ മകനാണെന്നുമായിരുന്നു സരോജ ദേവി എഎൻഐയോട് പറഞ്ഞത്. ഒളിംപിക്സിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ തള്ളി അർഷാദ് നദീം ഒളിമ്പിക് റെക്കോഡോടെ സ്വർണ്ണം കരസ്ഥമാക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
നീരജിന് പാരിസിൽ ലഭിച്ചത് വെള്ളി മെഡലാണെങ്കിലും, അതിന് സ്വർണത്തിളക്കമുണ്ടെന്നാണ് തങ്ങൾ കരുതുന്നതെന്നും സരോജ് ദേവി പറഞ്ഞു. " ‘ഈ വെള്ളിയിൽ ഞങ്ങൾക്കെല്ലാം അതിയായ സന്തോഷമുണ്ട്. ഇതിനെ സ്വർണമെഡലിനു തുല്യമായിട്ടാണ് ഞങ്ങൾ കാണുന്നത്. പരുക്കിന്റെ പിടിയിലായിരുന്നു അവൻ. അതിൽനിന്ന് തിരിച്ചുവന്നാണ് ഈ മെഡൽ നേട്ടം. അവന്റെ ഈ പ്രകടനത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തിരിച്ചെത്തുമ്പോൾ അവന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം. സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്.എല്ലാവരും ഏറെ കഷ്ടപ്പെട്ടാണ് ആ നേട്ടം സ്വന്തമാക്കുന്നത്. ’ – നീരജിന്റെ മാതാവ് പറഞ്ഞു. നിരവധി പേരാണ് നീരജിന്റെ അമ്മയെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവെച്ചത്.
നേരത്തെ അർഷാദ് നദീമിനെ നീരജ് ചോപ്രയും അഭിനന്ദിച്ചിരുന്നു. വിജയം അർഷാദ് പൂർണ്ണമായി അർഹിക്കുന്നുണ്ടെന്നായിരുന്നു നീരജിന്റെ പ്രതികരണം. ‘അർഷാദുമായി 2016 മുതൽ വിവിധ വേദികളിൽ ഞാൻ മത്സരിക്കുന്നതാണ്. ആദ്യമായിട്ടാണ് അദ്ദേഹത്തോടു തോൽക്കുന്നത്.പക്ഷേ, അർഷാദിന് ഈ വിജയത്തിന്റെ സമ്പൂർണ ക്രെഡിറ്റും നൽകിയേ തീരൂ. അദ്ദേഹം അത്രയ്ക്ക് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ രാത്രിയിൽ അർഷാദ് എന്നേക്കാൾ മികച്ചു നിൽക്കുകയും ചെയ്തു. അർഷാദിന് അഭിനന്ദനങ്ങൾ’’ – നീരജ് ചോപ്ര പ്രതികരിച്ചു.
32 വർഷത്തിന് ശേഷം പാകിസ്ഥാൻ നേടുന്ന ആദ്യ ഒളിമ്പിക് സ്വർണ്ണമാണ് കഴിഞ്ഞ ദിവസം അർഷാദ് നദീം സ്വന്തമാക്കിയത്. 55 വർഷത്തിന് ശേഷം പാകിസ്ഥാൻ നേടുന്ന ആദ്യ സ്വർണ്ണവും ചരിത്രത്തിലെ തന്നെ ആദ്യ വ്യക്തിഗത മെഡലുമാണ് ഇത്. 92.97 മീറ്ററാണ് അർഷാദ് എറിഞ്ഞത്. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി ഉറപ്പിച്ചത്. തന്റെ രണ്ടാമത്തെ ത്രോയിലായിരുന്നു അർഷാദ് ഒളിമ്പിക് റെക്കോർഡ് മറികടന്നത്. നീരജിന്റെ ആദ്യ ത്രൊ ഫൗളായിരുന്നു. രണ്ടാമത്തെ ത്രോയിലായിരുന്നു 89.45 മീറ്റർ എറിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തേതും സീസണിലെ താരത്തിന്റെ മികച്ച ത്രോയുമായിരുന്നു ഇത്.