INDIA

'ബംഗാള്‍ പോലീസിന് ആനന്ദബോസിനെ തൊടാനാകില്ല'; ഗവർണർക്ക് പരിരക്ഷയൊരുക്കി അനുച്ഛേദം 361

വെബ് ഡെസ്ക്

പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും സംസ്ഥാന ഗവർണറും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്‌ഭവനിൽവച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഉയര്‍ന്നിരിക്കുന്ന ആരോപണം. തൃണമൂല്‍ എംപി സാഗരിക ഘോഷ് എക്‌സ് ഹാന്‍ഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുവതിയുടെ പരാതി ഹെയർ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചെന്ന് പറയുമ്പോഴും ഗവർണറെ പ്രതിയാക്കി കേസെടുക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നതാണ് വസ്തുത. ഭരണഘടനാ അനുച്ഛേദം 361ന്റെ പരിരക്ഷയാണ് അതിനു പിന്നിൽ.

ഗവർണർ പദവിയിൽ തുടരുന്നതുകൊണ്ടു തന്നെ ആനന്ദബോസിനെ പ്രതിയാക്കുന്നതിനും കേസ് അന്വേഷിക്കുന്നതിനുമെല്ലാം ഭരണഘടനാപരമായ വിലക്കുണ്ട്. രാഷ്ട്രപതിക്കും ഗവർണർമാർക്കും പരിരക്ഷ നൽകുന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദം അനുസരിച്ച്, അദ്ദേഹത്തിൻ്റെ ഓഫീസിന്റെ അധികാരങ്ങളും ചുമതലകളും വിനിയോഗിക്കാനോ നിർവഹിക്കാനോ അല്ലെങ്കിൽ അധികാരത്തിലിരിക്കെ നടത്തുന്ന പ്രവർത്തികൾക്കോ ഒരു കോടതിയോടും ഉത്തരം പറയേണ്ടതില്ല.

അനുച്ഛേദം 361

"രാഷ്ട്രപതിക്കോ ഒരു സംസ്ഥാനത്തിൻ്റെ ഗവർണർക്കോ എതിരെ ഏതെങ്കിലും കോടതിയിൽ അദ്ദേഹത്തിൻ്റെ ഓഫീസ് കാലയളവിൽ ക്രിമിനൽ നടപടികളൊന്നും ആരംഭിക്കുകയോ തുടരുകയോ ചെയ്യരുത്. (2) രാഷ്ട്രപതിയെയോ ഒരു സംസ്ഥാനത്തിൻ്റെ ഗവർണറെയോ അറസ്റ്റ് ചെയ്യുന്നതിനോ ജയിലിലടയ്ക്കുന്നതിനോ ഉള്ള ഒരു പ്രക്രിയയും അദ്ദേഹത്തിൻ്റെ ഔദ്യോഗിക കാലയളവിൽ ഏതെങ്കിലും കോടതിയിൽനിന്ന് പുറപ്പെടുവിക്കുന്നതല്ല." എന്നിങ്ങനെ നിർണായകമായ രണ്ട് ഉപവകുപ്പുകളും 361-ാം അനുച്ഛേദത്തിൽ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ സി വി ആനന്ദബോസിനെതിരെ യാതൊരുവിധ നടപടികൾ സ്വീകരിക്കാനും പശ്ചിമ ബംഗാള്‍ പോലീസിനോ സർക്കാരിനോ നിലവിൽ കഴിയില്ല.

അഥവാ നടപടിയെടുക്കണമെങ്കിൽ ആനന്ദബോസ് ഗവർണർ പദവിയിൽനിന്ന് രാജിവെക്കുകയോ രാഷ്ട്രപതിക്ക് അദ്ദേഹത്തിനുമേലുള്ള വിശ്വാസ്യത നഷ്ടപ്പെടുകയോ വേണം. 2006ലെ രാമേശ്വർ പ്രസാദ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. വ്യക്തിപരമായ ദുർനടപ്പിന്റെ പേരിൽ ആരോപണങ്ങളുണ്ടായാൽ പോലും ഗവർണറെന്ന പരിരക്ഷ ലഭിക്കുമെന്ന് ഈ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഒരു ഗവർണർ തൻ്റെ കാലാവധി പൂർത്തിയാകുന്നതുവരെ ക്രിമിനൽ നടപടികൾ നിർത്തിവെച്ച ഉദാഹരണങ്ങളുമുണ്ടായിട്ടുണ്ട്.

കല്യാൺ സിങ്

1992ലെ ബാബരി മസ്ജിദ് ധ്വംസന കേസിൽ എൽ കെ അദ്വാനി ഉൾപ്പെടെയുള്ളവർക്കെതിരെ വിചാരണ ആരംഭിച്ചപ്പോഴും മറ്റൊരു കുറ്റാരോപിതനായിരുന്ന അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ ഒഴിവാക്കിയിരുന്നു. വിചാരണ ആരംഭിച്ച കാലത്ത് അദ്ദേഹം രാജസ്ഥാൻ ഗവർണർ പദവി വഹിച്ചതായിരുന്നു അതിനു കാരണം.

അതേസമയം, ലൈംഗികാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗവർണർ പദവിയിൽനിന്ന് രാജിവെച്ച സംഭവങ്ങളുമുണ്ട്. 2017-ൽ, അന്നത്തെ മേഘാലയ ഗവർണർ വി ഷൺമുഖനാഥൻ, രാജ്ഭവൻ ജീവനക്കാർ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് രാജിവെച്ചിരുന്നു. 2009-ൽ അന്നത്തെ ആന്ധ്രാപ്രദേശ് ഗവർണർ എൻ ഡി തിവാരിയും സമാനമായി ലൈംഗികാരോപണത്തെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും