അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗമായെന്നും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയായിരുന്നു ഷായുടെ വാക്കുകള്‍. ബിജെപി ഭരണത്തിന് കീഴില്‍ കഴിഞ്ഞ 10 വർഷം ജമ്മു കശ്മീരിന് സുവർണകാലഘട്ടമായിരുന്നെന്നും ഷാ കൂട്ടിച്ചേർത്തു. സമാധാനവും മുന്നേറ്റവും വികസനവും ജമ്മു കശ്മീരിനുണ്ടായെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
ജമ്മു കശ്മീരില്‍ സെപ്റ്റംബർ 18, 25 ഒക്ടോബർ ഒന്ന് തിയതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണല്‍.
ഇത് ആദ്യമായാണ് ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്നത്. കഴിഞ്ഞ 28 വർഷവും നടന്ന വിവിധ തിരഞ്ഞെടുപ്പുകളില്‍ ഏഴും അഞ്ചും നാലും ഘട്ടമായാണ് തിരഞ്ഞെടുപ്പുകള്‍ പൂർത്തിയാക്കിയത്.
സുരക്ഷാകാരണങ്ങള്‍ മുൻനിർത്തിയായിരുന്നു 2019ല്‍ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്. ശേഷം, ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 പാർലമെന്റ് പാസാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദേശം നല്‍കിയത്.
അതേ സമയം ബുധനാഴ്ച തുടക്കമിട്ട കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുക്കപ്പെട്ടാല്‍ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും അധികാരത്തിൽനിന്ന് നീക്കം ചെയ്തതിന് ശേഷമുള്ള പ്രാരംഭ നടപടിയായി ഇന്ത്യ ബ്ലോക്ക് ഈ നീക്കത്തിന് മുൻഗണന നൽകുമെന്നും രാഹുല്‍ പറഞ്ഞു.