ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്വേച്ഛാധിപത്യത്തിന്‌റെ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കരുതിയിരിക്കണമെന്നും മറ്റിടങ്ങളിലും കേന്ദ്രം സമാനമായ അധികാരം പ്രയോഗിക്കാനൊരുങ്ങുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഓര്‍ഡിന്‍സിനെതിരെ ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത ഭാഷയിലാണ് ഓര്‍ഡിനന്‍സിനെതിരെ കെജ്രിവാള്‍ സംസാരിച്ചത്. '' ഓര്‍ഡിനന്‍സില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? ഡൽഹിയില്‍ ജനാധിപത്യം ഉണ്ടാവില്ലെന്നാണ് മോദീജീയുടെ ഓര്‍ഡിനനന്‍സ് പറയുന്നത്. ഏകാധിപത്യ പ്രവണതയാണിത്. ജനങ്ങളല്ല, ഗവര്‍ണര്‍ക്കാണ് പരമാധികാരിയെന്നാണ് പറയുന്നത്. ജനങ്ങള്‍ ആരെ തിരഞ്ഞെടുത്താലും ഡല്‍ഹി താന്‍ ഭരിക്കുമെന്നാണ് മോദി വ്യക്തമാക്കുന്നത്.'' കെജ്‌രിവാള്‍ പറഞ്ഞു.
തങ്ങളുടെ പ്രധാനമന്ത്രി ഇത്ര ധിക്കാരിയാണെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതാണ് സ്വേച്ഛാധിപത്യം. ഇവിടെ ജനഹിതം പാലിക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പാര്‍ട്ടി നോക്കാതെ പ്രവര്‍ത്തിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.കെജ്‌രിവാള്‍
ഇത് ഡല്‍ഹിയില്‍ മാത്രമാണെന്നാണ് കരുതരുത്. രാജ്യത്തുടനീളം സമാനമായ ഓര്‍ഡിനന്‍സ് കൊണ്ടുവരാനായി അവര്‍ പദ്ധതി ഇടുന്നതായാണ് അറിയുന്നതെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പു നല്‍കി. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ''ഞാന്‍ സുപ്രീംകോടതിയെ ബഹുമാനിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി ഇതിലൂടെ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ പെരുമാറുന്നത്. രാജ്യത്തെ ജനങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. തങ്ങളുടെ പ്രധാനമന്ത്രി ഇത്ര ധിക്കാരിയാണെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതാണ് സ്വേച്ഛാധിപത്യം. ഇവിടെ ജനഹിതം പാലിക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പാര്‍ട്ടി നോക്കാതെ പ്രവര്‍ത്തിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.'' അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം, റവന്യൂ, പോലീസ് എന്നിവ ഒഴികെയുള്ള മേഖലകളില്‍ ഭരണാധികാരവും ഉദ്യോഗസ്ഥ നിയമത്തിനുമുള്ള ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്രത്തിന് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുടെ സ്ഥലമാറ്റം,നിയമനം വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിനായി നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസ് അതോറിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. സുപ്രീംകോടതി ഉത്തരവ് മറികടന്ന് സംസ്ഥാന സര്‍ക്കാരിന്‌റെ അധികാരം പിടിച്ചെടുക്കാനുള്ള നീക്കമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. കേന്ദ്രത്തിനെതിരെ പാര്‍ലമെന്‌റിലും പുറത്തും ശക്തമായി രംഗത്തെത്താന്‍ ബിജെപി ഇതര പാര്‍ട്ടികളുടെ സഹായം എഎപി തേടിയിരുന്നു. എന്നാല്‍ പഞ്ചാബ്, ഡല്‍ഹി ഘടകങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിഷയത്തിലിതുവരെ എഎപിയെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ഡല്‍ഹിയില്‍ മാഹാറാലി സംഘടിപ്പിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പതക്, സുശീല്‍ ഗുപ്ത, എംഎല്‍എമാരായ ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു.