മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയുടെ വന്‍ പ്രതിഷേധം. ബിജെപി ഓഫീസിലേക്ക് എഎപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രി അതിഷി സിങ് അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടി ആഹ്വാനത്തെത്തുടര്‍ന്ന് പ്രതിഷേധത്തിനായി സംഘടിച്ചെത്തിയത്.
മന്ത്രിമാരെ വലിച്ചിഴച്ച് നീക്കിയതിന് പിന്നാലെ, പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ എത്തണമെന്ന് എഎപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിമാരായ അതിഷി സിങിന്റെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. എഎപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ആസ്ഥാനത്തിനും ഇ ഡി ഓഫീസിനും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
അതേസമയം, അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി അരവിന്ദ് കെജ്‌രിവാൾ പിൻവലിച്ചു. ജസ്റ്റിസ് സഞ്ജയ് ഖന്ന, എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. കെജ്‌രിവാളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. രാവിലെ 10.30-ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ കപില്‍ സിബല്‍ പെറ്റീഷന്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പെറ്റീഷന്‍ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു സിബലിന്റെ ആവശ്യം. തുടര്‍ന്ന് സ്‌പെഷല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഔദ്യോഗിക വസതിയില്‍ എത്തിയ പത്തംഗ ഇ ഡി സംഘം ചോദ്യം ചെയ്യലിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയ കെജ്‌രിവാളിനെ ഉച്ചയ്ക്ക് രണ്ടരയോടെ ഡല്‍ഹി റോസ് അവന്യു കോടതിയല്‍ ഹാജരാക്കും.
കെജ്‍രിവാളിന് എതിരെ തെളിവുകളുണ്ടെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹവാല ഇടപാടുകള്‍ക്ക് വാട്സ്ആപ്പ് ചാറ്റുകള്‍, ഫെയ്സ്ടൈം കോളുകള്‍ എന്നിവയും പ്രതികളുമായി കെജ്‍രിവാള്‍ നടത്തിയ സംഭാഷണങ്ങളുടെ തെളിവുകളും ഇ ഡിക്ക് ലഭിച്ചെന്നു സൂചനയുണ്ട്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ, കെജ്‍രിവാളിന്റെ വസതിയില്‍ റെയ്ഡിനെത്തിയ പന്ത്രണ്ടംഗ ഇ ഡി സംഘം, ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്കാണ് കൊണ്ടുപോയത്. അറസ്റ്റിന് പിന്നാലെ, എഎപി ഇന്നലെ നടത്തിയ വ്യാപക പ്രതിഷേധത്തില്‍ എംഎല്‍എമാര്‍ അടക്കം നിരവധി എഎപി നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.
കെജ്‍രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കെജ്‍രിവാളിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.