INDIA

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍; രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

വെബ് ഡെസ്ക്

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‍രിവാള്‍. രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറി. ഗവര്‍ണറുടെ വസതിയിലെത്തിയാണ് കെജ്‍രിവാള്‍ രാജിക്കത്ത് കൈമാറിയത്. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‍രിവാളിനൊപ്പം രാജ്ഭവനില്‍ എത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് അതിഷി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

രണ്ട് ദിവസം മുന്‍പാണ് കെജ്‍രിവാള്‍ രാജിപ്രഖ്യാപനം നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്നാണ് കെജ്‌‍രിവാള്‍ വ്യക്തമാക്കിയത്. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കെജ്‍രിവാളിന്റെ വാക്കുകള്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ആദ്യമായി സംസാരിക്കുകന്നതിനിടെയായിരുന്നു രാജിപ്രഖ്യാപനം നടത്തിയത്.

"രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെക്കും. ജനവിധിയുണ്ടാകുന്നതുവരെ ഞാൻ ആ കസേരയില്‍ തുടരില്ല. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു, ഇനി ജനങ്ങളില്‍ നിന്നും നീതി ലഭിക്കേണ്ടതുണ്ട്. ജനങ്ങളുടെ തീരുമാനത്തിന് ശേഷമായിരിക്കും ഞാൻ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക," കെജ്‌‍രിവാള്‍ രാജിപ്രഖ്യാപനം സൂചിപ്പിച്ച് പറഞ്ഞു.

ഇന്നു ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് നിയുക്ത മുഖ്യമന്ത്രിയായി അതിഷിയുടെ പേര് മുന്നോട്ടുവച്ചത്.  കെജ്‍രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്ലാ എംഎല്‍എമാരും എഴുന്നേറ്റ് നിന്ന് കൈയടിച്ച് തീരുമാനം അംഗീകരിക്കുകയായിരുന്നു. ദില്ലി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും