മദ്യനയ അഴിമതിക്കേസില്‍ ഇന്നും ചോദ്യം ചെയ്യാന്‍ ഹാജരാകാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ ഡി കെജ്‌രിവാളിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസും കെജ്‌രിവാള്‍ അവഗണിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിന പരിപാടികള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാന്‍ കഴിയില്ലെന്ന് കെജ്‌രിവാള്‍ മറുപടി നല്‍കിയത്. ഇഡി അന്വേഷണം സുതാര്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാതെ, ചോദ്യം അയച്ചുനല്‍കുകയാണെങ്കില്‍ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയാറാണെന്നും അദ്ദേഹം ഇഡിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.
നോട്ടീസിന് താന്‍ മുമ്പ് നല്‍കിയ വിശദീകരണങ്ങള്‍ ഇ ഡി അംഗീകരിച്ചില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നിയമങ്ങളുടേയും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത, നീതി എന്നിവയുടെ ലംഘനമാണ് നടക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു.
അദ്ദേഹത്തിന്റെ വസതിയില്‍ ഇ ഡി ഏത് നിമിഷം വേണമെങ്കിലും റെയ്ഡ് നടത്തുമെന്നും ശേഷം അറസ്റ്റ് ചെയ്‌തേക്കാമെന്നും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിക്കുന്നു. കെജ്‌രിവാളിന്റെ വസതിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചിട്ടുണ്ട്. നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും രണ്ടുതവണ ഇഡി നോട്ടീസ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്.
കെജ്‌രിവാളിന് മുന്നില്‍ ഇനിയെന്ത്?
അറസ്റ്റ് തടയണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കെജ്‌രിവാളിന് കോടതിയെ സമീപിക്കാവുന്നതാണ്. പക്ഷേ, ഇതേ കേസില്‍ ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയേും രാജ്യസഭ എംപി സഞ്ജയ് സിങിനേയും ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശ്രദ്ധേയമാണ്. അറസ്റ്റ് തടയാനുള്ള വഴികളെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താല്‍ കടുത്ത പ്രക്ഷോഭത്തിനും എഎപി പദ്ധതിയിടുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം തത്കാലം കെജ്‌രിവാള്‍ ഒഴിയേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.
മൊഹല്ല ക്ലിനിക് അഴിമതി ആരോപണത്തിലും അന്വേഷണം
അതേസമയം, സര്‍ക്കാരിന് എതിരെ ബിജെപി ഉയര്‍ത്തിയ മൊഹല്ല ക്ലിനിക് അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന നിര്‍ദേശം നല്‍കി. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള മൊഹല്ല ക്ലിനിക്കുകളില്‍ വ്യാജ ഡയഗ്നോസ്റ്റിക് പരിശോധനകളാണ് നടത്തുന്നതെന്ന പരാതിയിലാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് സൗജന്യമായി പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് 496 മൊഹല്ല ക്ലിനുക്കുകളാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു രോഗിപോലുമില്ലാതെ, നിരവധിപേര്‍ക്ക് റേഡിയോളജി, പതോളജി സ്‌കാനുകള്‍ നടത്തിയെന്ന്് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം. ഇതിന് പിന്നാലെ, ചില ക്ലിനിക്കുകളിലെ ഡോക്ടര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു.