INDIA

ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്?; കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി ആവശ്യപ്പെടാന്‍ സിബിഐ

ആരോപണത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് സിബിഐ ആയിരുന്നു

വെബ് ഡെസ്ക്

മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കുന്ന കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. മദ്യനയ അഴിമതി കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസാണ് ഇഡി അന്വേഷിക്കുന്നത്. ആരോപണത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് സിബിഐ ആയിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെ അറസ്റ്റ് ചെയ്തത് സിബിഐ ആയിരുന്നു.

അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുളള പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ കെജ്‌രിവാള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എഎപിയുടെ പ്രമുഖ നേതാക്കളുടെ വസതികളില്‍ അടക്കം 250 ഇടങ്ങളില്‍ പരിശോധന നടത്തിയ ഇഡിക്ക് അനധികൃത പണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സുനിത പറഞ്ഞിരുന്നു.

അതേസമയം, ഡല്‍ഹി സര്‍ക്കാരിനെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പിരിച്ചുവിട്ടേക്കുമെന്നും രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നിയമോപദേശം തേടിയെന്നാണ് സൂചന. അരവിന്ദ് കെജ് രിവാളിന് ജയിലില്‍ ഇരുന്ന് സംസ്ഥാനം ഭരിക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞിദിവസം സക്‌സേന പറഞ്ഞിരുന്നു. 'ഭരണം ജയിലില്‍ നിന്ന് നടത്താനാകില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ എനിക്ക് കഴിയും'' എന്നായിരുന്നു സക്‌സേനയുടെ പ്രതികരണം.

അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റിയിരുന്നു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ രണ്ട് വരെ ഇ ഡിക്ക് കോടതി സമയമനുവദിച്ചു.

അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അറസ്റ്റിലായ അരബിന്ദോ ഫാര്‍മ ഉടമ ശരത് ചന്ദ്ര റെഡ്ഡിയെയാണ് കേസില്‍ ഇ ഡി മാപ്പുസാക്ഷിയാക്കിയതെന്ന് കെജ്രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്വി വാദത്തിനിടെ ചൂണ്ടിക്കാട്ടി.

എന്നാല്‍ കേസില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് ഇ ഡി ആവര്‍ത്തിച്ചു. എല്ലാ കക്ഷികളെയും കേട്ട് മാത്രമേ തീരുമാനം എടുക്കാവൂയെന്ന സുപ്രീംകോടതി വിധിയുണ്ടെന്ന് ഇ ഡി ചൂണ്ടിക്കാട്ടി. ഇടക്കാല ആശ്വാസം വേണമെങ്കില്‍ പോലും എതിര്‍കക്ഷിയെ കേള്‍ക്കണം. മറുപടി നല്‍കാന്‍ അവകാശമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഞങ്ങളുടെ ഭാഗം കേള്‍ക്കുന്നതെന്ന് ഇ ഡി കോടതിയില്‍ ചോദിച്ചു. തുടര്‍ന്ന് മറുപടി നല്‍കാന്‍ ഇ ഡിക്ക് സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. മാര്‍ച്ച് 21-നാണ് കെജ് രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം