INDIA

'ഇന്ത്യ'യിൽ ഭിന്നത; ഛത്തീസ്ഗഡിൽ തമ്മിലടിച്ച്‌ ആം ആദ്മിയും കോൺഗ്രസും

ഛത്തീസ്ഗഡിൽ ആം ആദ്മി സർക്കാർ അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്ത് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നാണ് ആം ആദ്മിയുടെ വാഗ്ദാനം

വെബ് ഡെസ്ക്

എന്‍ഡിഎയ്‌ക്കെതിരേ ഒന്നിച്ചു നില്‍ക്കാന്‍ ഉദ്ദേശിച്ച് രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യമായ 'ഇന്ത്യ'യില്‍ തുടക്കത്തിലേ ഭിന്നത. 'ഇന്ത്യ'യിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമാണ് ഐക്യം മറന്നു കൊമ്പുകോര്‍ക്കുന്നത്. ഛത്തീസ്ഗഡിലെ സർക്കാർ സ്‌കൂളുകളുടെ നിലവാരം മോശമാണെന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വിമർശനമാണ് പാർട്ടികളും തമ്മിലുളള പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ വിമർശനം.

അതേസമയം, കെജ്‌രിവാളിന്റെ വിമർശനത്തിന് പിന്നാലെ ഛത്തീസ്ഗഡിനെ ഡൽഹിയുമായി താരതമ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര കെജ്‌രിവാളിനെ ചോദ്യം ചെയ്ത് രം​ഗത്തുവന്നു. ഛത്തീസ്ഗഡിലെ മുൻ സർക്കാരുമായി താരതമ്യം ചെയ്യേണ്ട സമയത്താണ് ഇത്തരത്തിലുളള വിമർശനം കെജ്‌രിവാൾ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപാർട്ടികളും പരസ്പരം പോരടിച്ച് രം​ഗത്തെത്തിയതോടെ 'ഇന്ത്യ'യുടെ ഐക്യത്തെ സംബന്ധിച്ചുളള ചോദ്യങ്ങളും ഉയർന്നിരിക്കുകയാണ്.

ദേശീയ തലസ്ഥാനത്തെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും പഠന നിലവാരവും എങ്ങനെ എഎപി സർക്കാർ മെച്ചപ്പെടുത്തി എന്നതിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ കോൺ​ഗ്രസിനെ വിമർശിച്ച് രം​ഗത്തെത്തിയത്. ഛത്തീസ്ഗഡിലെ സർക്കാർ സ്‌കൂളുകൾ ഭയാനകമായ അവസ്ഥയിലാണെന്ന് ഒരു റിപ്പോർട്ടിലൂടെയാണ് അറി‍ഞ്ഞതെന്ന് വ്യക്തമാക്കിയ കെജ്‌രിവാൾ, അവിടെ പല സ്കൂളുകളും അടച്ചുപൂട്ടിയെന്നും ചൂണ്ടിക്കാട്ടി. പല അധ്യാപകർക്കും ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

ഡൽഹിയിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥ നോക്കൂ, അല്ലെങ്കിൽ ഡൽഹിയിൽ താമസിക്കുന്ന നിങ്ങളുടെ ബന്ധുക്കളോട് ചോദിക്കൂ. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്യുന്ന ഒരു സർക്കാർ വന്നിരിക്കുന്നു. ഞങ്ങൾ രാഷ്ട്രീയക്കാരല്ല, ഞങ്ങൾ വെറും സാധാരണക്കാരാണ്. നിങ്ങളെപ്പോലെ,” അദ്ദേഹം സ്ഥാപിച്ച പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ പരാമർശിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു, ഇത് ഒരു സാധാരണക്കാരന്റെ ഹിന്ദി പദത്തിൽ നിന്ന് അതിന്റെ പേര് സ്വീകരിച്ചു.

എന്നാൽ, കെജ്‌രിവാൾ റായ്‌പൂരിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് പവൻ ഖേര പറഞ്ഞു. "എന്തിനാണ് റായ്പൂരിലേക്ക് പോകുന്നത്? നമ്മുടെ ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രകടനത്തെ മുൻ രമൺ സിംഗ് സർക്കാരുമായി താരതമ്യം ചെയ്യും. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു മേഖല തിരഞ്ഞെടുത്ത് ഡൽഹിയിലെ കോൺഗ്രസ് സർക്കാരിന്റെയും നിങ്ങളുടെ സർക്കാരിന്റെയും പ്രകടനത്തെ താരതമ്യം ചെയ്യാം. ഒരു സംവാദത്തിന് തയ്യാറാണോ?" ട്വിറ്ററിലൂടെ ഖേര കെജ്‌രിവാളിനെ വെല്ലുവിളിച്ചു.

അതേസമയം, ഛത്തീസ്ഗഡിൽ ആം ആദ്മി സർക്കാർ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്ത് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് റായ്പൂർ നടന്ന പരിപാടിയിൽ കെജ്രിവാൾ വാഗ്ദാനം ചെയ്തു. പരിപാടിയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

എന്നാൽ പ്രതിപക്ഷ മഹാസഖ്യമായ ഇന്ത്യ രൂപീകരിച്ച ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് നേരിടുന്നതിനുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ രണ്ട് പാർട്ടികൾ തന്നിൽ പോരടിക്കുന്നത് ഇതാദ്യമല്ല. അടുത്ത വർഷം ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലും മത്സരത്തിന് തയ്യാറെടുക്കാൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ വ്യാഴാഴ്ച നടത്തിയ പ്രസ്താവന ആം ആദ്മിയിൽ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിന് എങ്ങനെ തയ്യാറെടുക്കണമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഡൽഹി യോഗത്തിന് മുമ്പ് 18 സംസ്ഥാനങ്ങളിലെ ഞങ്ങളുടെ ജനങ്ങളുമായി നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഏഴ് മാസങ്ങൾ ബാക്കിയുണ്ട്. ഡൽഹിയിലെ ഏഴ് സീറ്റുകളിലും വിജയിക്കുന്നതിനായി തയ്യാറെടുക്കാൻ എല്ലാ പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, അൽക്ക ലാംബയുടെ പ്രതികരണത്തിൽ ആശ്ചര്യപ്പെട്ട എഎപി, പാർട്ടികൾ ഒറ്റയ്ക്ക് പോകുകയാണെങ്കിൽ ഇന്ത്യാ ബ്ലോക്കിന്റെ ആവശ്യകത എന്താണെന്നും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തി ഡൽഹിയുടെ കോൺഗ്രസ് ചുമതലയുള്ള ദീപക് ബാബരിയ രംഗത്തെത്തി. അൽക്ക ലാംബയുടെ അഭിപ്രായമാണ് അവർ പങ്കുവച്ചതെന്നും സീറ്റ് പങ്കിടൽ സംബന്ധിച്ച ഒരു പദ്ധതിയും യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും ബാബരിയ പറഞ്ഞു. ഡൽഹിയിൽ പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചായിരുന്നു ചർച്ചയെന്നും ബാബരിയ പറഞ്ഞു.

2015ലെ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പെട്ടെന്ന് രംഗത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞതിൽ ഡൽഹി കോൺഗ്രസിലെ ഒരു വിഭാഗം ഇപ്പോഴും അമർഷത്തിലാണ്. ആകെയുള്ള 70 സീറ്റിൽ 67 എണ്ണത്തിൽ എഎപിയും 3 സീറ്റ് ബിജെപിയും നേടിയപ്പോൾ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കീഴിലുള്ള കോൺ​ഗ്രസിന്റെ ഡൽഹിയിലെ 15 വർഷത്തെ ഭരണത്തിനാണ് വിരാമമിട്ടത്.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്