വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല പകരം ഹൈദരാബാദിൽ നിന്ന് മത്സരിക്കാമോയെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വലിയ പ്രസ്താവനകൾ നടത്താതെ ഹൈദരാബാദിൽ മൈതാനത്ത് ഇറങ്ങി തനിക്കെതിരെ മത്സരിക്കാനും ഒവൈസി ആവശ്യപ്പെട്ടു. സ്വന്തം പാർലമെന്റ് മണ്ഡലമായ ഹൈദരാബാദിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി.
'നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാതെ ഈ ഹൈദരാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്. നിങ്ങൾ വലിയ വലിയ പ്രസ്താവനകൾ ആണല്ലോ നടത്തുന്നത്? എങ്കിൽ ഈ മൈതാനത്തിൽ വരൂ, എനിക്കെതിരെ മത്സരിക്കൂ', ഒവൈസി പറഞ്ഞു. ബാബറി മസ്ജിദും ഹൈദരാബാദ് സെക്രട്ടേറിയറ്റിലെ മസ്ജിദും തകർക്കപ്പെട്ടത് കോൺഗ്രസ് ഭരണ കാലത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബിജെപിയും ബിആർഎസും എഐഎംഐഎമ്മും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് ഈ മാസമാദ്യം തെലങ്കാനയിലെ തുക്കുഗുഡയിൽ വിജയഭേരി സഭയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ ത്രയത്തിനെതിരെ കോൺഗ്രസ് പാർട്ടി പോരാടുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. 'തെലങ്കാനയിൽ ബിആർഎസിനെതിരെ മാത്രമല്ല കോൺഗ്രസിന്റെ പോരാട്ടം. ബിആർഎസ്-എഐഎംഐഎം-ബിജെപി ത്രയത്തിനെതിരെയാണ് പാർട്ടിയുടെ മത്സരം. സ്വയം വ്യത്യസ്ത പാർട്ടികളാണെന്ന് ഇവരെല്ലാം വിശേഷിപ്പിക്കുന്നതെങ്കിലും ഒരുമിച്ചാണ് പ്രവർത്തനം', രാഹുൽ പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ആളുകൾ ആണെന്നും അതിനാൽ അവർക്കതിരെ സിബിഐ ഇഡി കേസുകളൊന്നും ഇല്ലെന്നും രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
വർഷാവസാനം തെലങ്കാനയിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് എഐഎംഐഎം തർക്കം മുറുകുകയാണ്. ഭരണകക്ഷിയായ ബിആർഎസ് ഇതിനോടകം തന്നെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞു.