രാജ്യത്തെ എല്ലാ പ്രശ്നങ്ങളും മിയ മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു സംഘമുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഗുവാഹത്തിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മിയ മുസ്ലിങ്ങളെ കുറ്റപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
മിയ മുസ്ലിങ്ങള്‍ ഗുവാഹതിയില്‍ സാധനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും ഗ്രാമപ്രദേശങ്ങളില്‍ പച്ചക്കറികള്‍ക്ക് വില കുറവാണെന്നുമായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം.
''നഗരത്തിലെ പച്ചക്കറികളുടെ വിലക്കയറ്റത്തിന് ഉത്തരവാദി മിയ കച്ചവടക്കാരാണ്. വിലകൂട്ടുന്ന പച്ചക്കറി കച്ചവടക്കാരില്‍ ഭൂരിഭാഗവും മിയ വിഭാഗക്കാരാണ്. നിലവില്‍ തക്കാളിയുടെയും മറ്റെല്ലാ പച്ച പച്ചക്കറികളുടെയും വില രാജ്യത്ത് വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറികള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കി എന്നത് എടുത്തുപറയേണ്ടതാണ്,'' ഹിമന്ത പറഞ്ഞു.
ഗ്രാമത്തില്‍ കര്‍ഷകര്‍ വില്‍ക്കുന്ന പച്ചക്കറികള്‍ക്ക് ഉയര്‍ന്ന വിലയില്ല. എന്നാല്‍ അതേ പച്ചക്കറികള്‍ ഗ്രാമത്തില്‍നിന്ന് ഗുവാഹത്തിയിലെത്ത് വില്‍ക്കുമ്പോള്‍ വില കൂടും. മിക്ക പച്ചക്കറി വില്‍പ്പനക്കാരും റിക്ഷാ വലിക്കുന്നവരും ബസ് ഡ്രൈവര്‍മാരും ഓല-ഉബര്‍ ഡ്രൈവര്‍മാരും മിയ മുസ്ലിങ്ങളാണ് എന്നതാണ് ഇതിന് കാരണം. അസം സ്വദേശികൾ പച്ചക്കറികള്‍ വില്‍ക്കുകയാണെങ്കില്‍ അവര്‍ സ്വന്തം ആളുകളില്‍ നിന്ന് കൂടുതല്‍ വില ഈടാക്കുമോ? പ്രാദേശിക അസമീസ് യുവാക്കള്‍ അവരോട് മത്സരിച്ച് ഈ ജോലികള്‍ തട്ടിയെടുക്കണമെന്നും ഹിമന്ത പറഞ്ഞു.
ഇതിനോട് ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. പ്രധാനമന്ത്രി മോദി വിദേശ മുസ്ലിങ്ങളുമായി ആഴത്തിലുള്ള സൗഹൃദം വളര്‍ത്തിയെടുത്തിയെടുക്കുന്നുണ്ടല്ലോ. അവരോട് കുറച്ച് തക്കാളി, ചീര, ഉരുളക്കിഴങ്ങ് എന്നിവ ചോദിക്കൂ എന്നായിരുന്നു പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഒവൈസി ട്വീറ്റ് ചെയ്തത്.
''എരുമ പാല് കൊടുത്തില്ലെങ്കില്‍ കോഴി മുട്ടയിട്ടില്ലെങ്കില്‍ തുടങ്ങി എല്ലാ പ്രശ്‌നങ്ങള്‍ക്കും മിയ മുസ്ലീങ്ങളെ കുറ്റം പറയുന്ന ഒരു കൂട്ടം ആളുകള്‍ ഈ നാട്ടില്‍ ഉണ്ട്. വ്യക്തിപരമായ എല്ലാ പരാജയങ്ങള്‍ക്കും മിയ മുസ്ലീങ്ങളെ കുറ്റപ്പെടുത്തും. ഇക്കാലത്ത് മോദിജിക്ക് വിദേശ മുസ്ലിങ്ങളുമായി ആഴത്തില്‍ സൗഹൃദമുണ്ടല്ലോ, അവരില്‍ നിന്ന് കുറച്ച് തക്കാളി, ചീര, ഉരുളക്കിഴങ്ങുകള്‍ എന്നിവ ചോദിക്കൂ,'' ഒവൈസി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഈജിപ്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദി നൈല്‍' നല്‍കി ആദരിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ അല്‍-ഇസ ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ പ്രതികരണം.