കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സാധ്യതയേറുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സമ്മതമറിയിച്ചതായാണ് വിവരം. ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയുമായി ഗെഹ്ലോട്ട് ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
എന്നാല്‍ അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ആരുടേയും പക്ഷം പിടിക്കില്ലെന്ന് സോണിയ ഗെഹ്ലോട്ടിനെ അറിയിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കുമെന്നും സോണിയ വ്യക്തമാക്കിയതായാണ് വിവരം.
ആരുടേയും പക്ഷം പിടിക്കില്ലെന്ന് സോണിയാ ഗാന്ധി
പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന അശോക് ഗെഹ്ലോട്ടിന് രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയാന്‍ താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 'ഒരു വ്യക്തി, ഒരു പദവി' എന്ന നയം സ്വീകരിച്ച് വരുന്ന കോണ്‍ഗ്രസിന് പുതിയ സാഹചര്യത്തില്‍ ഗെഹ്ലോട്ടിന് ഇളവ് നല്‍കേണ്ടിവരും. വിഷയത്തിലുള്‍പ്പെടെ വരും മണിക്കൂറുകളില്‍ തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേിനിടെ, ഭാരത് ജോഡോ യാത്രയുമായി കേരളത്തിലുള്ള രാഹുല്‍ ഗാന്ധിയെ കാണാന്‍ ഗെഹ് ലോട്ട് കേരളത്തിലെത്തും. ഇരുവരും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
അധ്യക്ഷനാകുന്ന കാര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷ ഗെഹ്ലോട്ട് കൈവിട്ടിട്ടില്ല. രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹമെന്നും അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നും അല്ലാത്ത പക്ഷം തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയുമായുള്ള കുടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കുന്നതില്‍ ഗെഹ്‌ലോട്ടിന് താല്‍പര്യമില്ല
പാര്‍ട്ടി അധ്യക്ഷനായി ഗെഹ്‌ലോട്ട് തിരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് കൈമാറേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കുന്നതില്‍ ഗെഹ്‌ലോട്ടിന് വൈമുഖ്യമുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സച്ചിന്‍ പൈലറ്റിന്റെ അസാന്നിധ്യത്തില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചതും രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന നിലപാട് ഉന്നയിക്കുന്നതും ഇക്കാരണം കൊണ്ടാണ്.
അതേ സമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്ങും സൂചന നല്‍കി. മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബര്‍ 30ന് വൈകിട്ട് താന്‍ മത്സരിക്കുന്നുണ്ടോയെന്ന് അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും ഇല്ലെന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദ്വിഗ് വിജയ് സിങ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിമുഖത കാണിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധി കുടുംബത്തില്‍നിന്നല്ലാത്ത നേതാക്കള്‍ മുന്‍കാലങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.