INDIA

ഗ്യാൻവാപി പള്ളിയിലെ ശാസ്ത്ര സർവേ റിപ്പോർട്ട് നാല് ആഴ്ചത്തേക്ക് കൂടി പരസ്യമാക്കരുതെന്ന് എഎസ്ഐ

വെബ് ഡെസ്ക്

ഗ്യാൻവാപി പള്ളിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് നാല് ആഴ്ചത്തേക്ക് കൂടി രഹസ്യമാക്കി വെക്കണമെന്ന് ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ. ബുധനാഴ്ചയാണ് എഎസ്ഐ ഇക്കാര്യം ആവശ്യപ്പെട്ട് വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്. പ്രധാന ഹർജിയുടെ ഭാഗമായ കക്ഷികൾക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും. ഗ്യാൻവാപി പള്ളിയിൽ സ്ഥിരമായി പ്രാർഥനയ്ക്കുള്ള അനുമതി ഉള്‍പ്പെടെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നാല് സ്ത്രീകൾ, മുദ്രവച്ച കവറിൽ എഎസ്ഐ സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2023 ഡിസംബർ 19ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, സമാനമായ മറ്റൊരു കേസിലും ഇതേ സർവേ റിപ്പോർട്ട് ഹാരാജരാക്കേണ്ടതുണ്ടെന്ന് എ എസ് ഐ കോടതിയിൽ വാദിച്ചു. അതിവേഗ കോടതിയിലെ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിക്ക് മുൻപാകെയാണ് റിപ്പോർട്ട് നല്‍കേണ്ടത്. അതിനാലാണ് നാല് ആഴ്ചത്തേക്ക് മുദ്രവച്ച റിപ്പോർട്ട് വെളിപ്പെടുത്തുന്നത് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്ന് എഎസ്ഐ പറഞ്ഞു. ഡിസംബർ 18നാണ് മുദ്രവച്ച കവറിൽ എഎസ്ഐ ജില്ലാ കോടതിയിൽ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നത്. പിന്നാലെ ഈ റിപ്പോർട്ട് വാരാണസി സീനിയർ ഡിവിഷൻ സിവിൽ കോടതിയിലും സമർപ്പിക്കണമെന്ന് അലഹബാദ് കോടതി നിർദേശിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിന് മുൻപ് റിപ്പോർട്ട് പരസ്യപ്പെടുത്തിയാല്‍ പല കിംവദന്തികൾക്കും തെറ്റായ പ്രചാരണങ്ങൾക്കും സാധ്യതയുണ്ടെന്നും എഎസ്ഐ ചൂണ്ടിക്കാട്ടി. പ്രാഥമിക എഎസ്‌ഐ സർവേയിൽ അവഗണിക്കപ്പെട്ട മേഖലകളിൽ അധിക സർവേ നടത്തേണ്ടതിന്റെ ആവശ്യകതയും എ എസ് ഐ അഭിഭാഷകൻ എടുത്തുപറഞ്ഞു.

ജൂലൈ 21നാണ് ജില്ലാ കോടതി വിധിയെ തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി സമുച്ചയത്തിൽ എഎസ്ഐ ശാസ്ത്രീയ സർവേ നടത്തിയത്. മസ്ജിദ് പണിഞ്ഞിടത്ത് ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ഉണ്ടോയെന്ന് അറിയാനാണ് സർവേ നടത്തിയത്. സീൽ ചെയ്ത മറ്റൊരു പാക്കറ്റിൽ, സർവേയിൽ കണ്ടെത്തിയ വസ്തുക്കളുടെ പട്ടികയും എഎസ്ഐ സംഘം സമർപ്പിച്ചിട്ടുണ്ട്. ജൂലൈ 21ന് വാരാണസി കോടതി സർവേ നടത്താൻ ഉത്തരവിട്ടെങ്കിലും പള്ളി കമ്മിറ്റി സ്റ്റേ വാങ്ങിയിരുന്നു. തുടർന്ന് ഓഗസ്റ്റ് നാലിനാണ് കനത്ത സുരക്ഷയിൽ സർവേ ആരംഭിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും