INDIA

അഫ്‌സ്പ പൂർണമായും പിൻവലിക്കും; അസം കാത്തിരിക്കുന്ന ആ ദിനം ഉടനെന്ന് ഹിമന്ത ബിശ്വ ശർമ്മ

വെബ് ഡെസ്ക്

സായുധ സേനകള്‍ക്ക് പ്രത്യേത അധികാരങ്ങള്‍ അനുവദിക്കുന്ന പ്രത്യേക സായുധ സേനാ നിയമം (അഫ്സ്പ) പൂർണ്ണമായി പിൻവലിക്കുമെന്ന് ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അസമിലെ എട്ട് ജില്ലകളിൽ അഫ്സ്പ നിലവിലുണ്ടെന്നും ഇത് പൂർണമായും പിൻവലിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഹിമന്ത വ്യക്തമാക്കി.

“ഈ വർഷാവസാനത്തോടെ സംസ്ഥാനത്ത് നിന്ന് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) പൂർണ്ണമായും പിൻവലിക്കുകയാണ് ഞങ്ങളുടെ സർക്കാരിന്റെ ലക്ഷ്യം. നമ്മുടെ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 62 തവണ അഫ്‌സ്പ നീട്ടണമെന്ന് മുൻ സർക്കാരുകൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു," അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഭരണകാലത്ത് വിമത ഗ്രൂപ്പുകളുമായി നാല് സമാധാന കരാറുകൾ ഒപ്പുവെച്ചതായി അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. എണ്ണായിരത്തോളം തീവ്രവാദികളെ മുഖ്യധാരാ രാഷ്ട്രീയവുമായി സമന്വയിപ്പിച്ചു. അസമിനെ മയക്കുമരുന്ന് വിമുക്ത, അഴിമതി രഹിത സംസ്ഥാനമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അസം ഭരിച്ചിരുന്ന മുന്‍ സര്‍ക്കാരുകളാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മോശമാകാന്‍ കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. 70 വർഷമായി ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും രാഷ്ട്രീയ അസ്ഥിരതയും അസന്തുലിതാവസ്ഥയും അനുഭവിച്ച് കൊണ്ടിരിക്കുന്നത് മുൻ "കോൺഗ്രസ് സർക്കാരുകളുടെ വിഭജിക്കാനും ഭരിക്കാനുമുള്ള ബോധപൂർവമായ തന്ത്രങ്ങൾ മൂലമാണ്. ഏഴ് പതിറ്റാണ്ട് നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ എൻഡിഎ സർക്കാരിന്റെ ഒമ്പത് വർഷത്തിനുള്ളിൽ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

അസം സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുത്തു. 127 സർക്കാർ ജീവനക്കാരെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഞങ്ങളുടെ സർക്കാർ മുൻകൈ എടുത്തു മുഖ്യമന്ത്രി പറഞ്ഞു. അസമിൽ ബഹുഭാര്യത്വം അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിയമം കൊണ്ടുവരുമെന്നും ശർമ്മ വീണ്ടും പറഞ്ഞു.

അതേസമയം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി. രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് ദേശീയ പതാക ഉയർത്തിയതിന് ശേഷം അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് കൊണ്ട് രാജ്യത്തിന്റെ നേട്ടങ്ങൾ അടുത്തതവണ ചെങ്കോട്ടയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും