സംസ്ഥാനത്ത് മദ്രസകള്‍ അടച്ചുപൂട്ടിച്ച നടപടി ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടിയും, അഭയാര്‍ഥി കുടിയേറ്റം നാടിന് ഭീഷണിയെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തിരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ ശിവ് ചരിത് റാലിയില്‍ സംസാരിക്കുകവെ ആയിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ അവകാശവാദങ്ങള്‍. അസമില്‍ ഇതുവരെ 600 മദ്രസകള്‍ അടച്ചുപൂട്ടിയെന്നും പകരം കോളേജുകളും യൂണിവേഴ്സിറ്റികളും പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ മറ്റൊരു പരാമര്‍ശം. ബംഗ്ലാദേശിലെ അല്‍ ക്വൊയ്ദയുമായും മറ്റ് ഭീകര സംഘടനകളുമായും ബന്ധമുള്ള അഞ്ച് ജിഹാദി കേന്ദ്രങ്ങള്‍ ഇതിനോടകം അസമില്‍ തകര്‍ത്തതായും അദ്ദേഹം ചൂണ്ടികാട്ടി. കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ്മ കര്‍ണാടകയില്‍ എത്തിയത്.
‘ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അസം ജനതക്കും ഇന്ത്യന്‍ സംസ്‌കാരത്തിനും ഭീഷണിയാണ്. അസമില്‍ 600ഓളം മദ്രസകള്‍ ഇതിനോടകം അടച്ചുപൂട്ടി. ബാക്കിയുള്ളവയും അടച്ചുപൂട്ടും. സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളുമാണ് ഞങ്ങൾക്ക് വേണ്ടത്, മദ്രസകളല്ലഹിമന്ത ബിശ്വ ശര്‍മ്മ
കോൺഗ്രസിനെയും ഇടതുപക്ഷത്തേയും ഹിമന്ത ബിശ്വ ശര്‍മ്മ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇടതുപക്ഷവും കോൺഗ്രസ്സും ചേർന്ന് ഇന്ത്യയുടെ ചരിത്രം വളച്ചൊടിക്കുകയാണ്. ആധുനിക കാലത്തെ മുഗളന്മാരാണ് കോണ്‍ഗ്രസെന്നും രാജ്യത്തിൻറെ പുരോഗതി തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ ചരിത്രത്തിൽ ഷാജഹാനെയും ബാബറിനെയും ഔറംഗസീബിനെയും ഉയർത്തിക്കാട്ടുകയാണ് കോൺഗ്രസ്സും ഇടത്പക്ഷവും. എന്നാൽ ചരിത്രം അവരെക്കുറിച്ചുള്ളതല്ല. ഛത്രപതി ശിവജി, ഗുരു ഗോബിന്ദ് സിംഗ്, സ്വാമി വിവേകാനന്ദൻ എന്നിവരെ കുറിച്ചാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു'.
ഒരു കാലത്ത് ഡൽഹി ഭരിച്ചിരുന്നവര്‍ നാട്ടിലെ അമ്പലങ്ങളും പുണ്യസ്ഥലങ്ങളും തകര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ നരേന്ദ്ര മോദി രാജ്യത്തുടനീളം അമ്പലങ്ങള്‍ പണിയുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് പുതിയ ഇന്ത്യ, നമ്മെ അടക്കി ഭരിച്ച ബ്രിട്ടനേക്കാള്‍ ശക്തമായ രാജ്യമായി നമ്മളിന്ന് മാറി. എന്നാല്‍ പുതിയ കാലത്തെ മുഗളന്മാരായ കോണ്‍ഗ്രസ് നമ്മുടെ രാജ്യത്തെ തകർക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ഹിന്ദുക്കളെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്ത് സനാതന ധര്‍മ്മത്തെ അടിച്ചമര്‍ത്തി ഔറംഗസേബിന്റെയും പിന്‍മുറക്കാരുടെയും ചരിത്രമാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇന്ത്യയുടെ ചരിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ഇതിന് പകരം ഛത്രപതി ശിവജിയുടെയും ഗുരുഗോബിന്ദ് സിങ്ങിന്റെയും ചരിത്രമാണ് വരും തലമുറക്ക് നമ്മൾ പഠിപ്പിച്ച് കൊടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.