INDIA

തദ്ദേശീയ മുസ്ലിം സമുദായങ്ങളുടെ സർവേ നടത്താനൊരുങ്ങി അസം

വെബ് ഡെസ്ക്

സംസ്ഥാനത്തെ അഞ്ചു തദ്ദേശീയ മുസ്ലിം സമുദായങ്ങളുടെ സാമൂഹിക - സാമ്പത്തിക സർവേ നടത്താനൊരുങ്ങി അസം. സർവേ പ്രകാരം തദ്ദേശീയ മുസ്ലിങ്ങളുടെ ഉന്നമനത്തിനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അസം സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർവേയുമായി ബന്ധപ്പെട്ട് ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ഗോറിയ, മോറിയ, ദേശി, സയ്യിദ് & ജോൽഹ എന്നീ തദ്ദേശീയ മുസ്ലിം വിഭാഗങ്ങളിലാണ് സർവേ നടത്തുക. സംസ്ഥാനത്തെ തദ്ദേശീയ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ട് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ സർവേ സർക്കാരിനെ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസർ നടത്തി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് അസം സർക്കാരിന്റെ നീക്കം. ബിഹാറിൽ മൊത്തം ജനസംഖ്യയുടെ 63 ശതമാനം ഒബിസികളും ഇബിസികളും ആണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.

ചാർ പ്രദേശത്ത് ജീവിക്കുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളായ മിയ വിഭാഗത്തിന്റെ വോട്ട് തനിക്കാവശ്യമില്ലെന്ന് നേരത്തെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ശൈശവ വിവാഹം പോലുള്ള ആചാരങ്ങൾ ഉപേക്ഷിച്ച് അവർ സ്വയം പരിഷ്കരിക്കുന്നതു വരെ അടുത്ത പത്ത് വർഷത്തേക്കെങ്കിലും ഈ വിഭാഗത്തിന്റെ വോട്ട് ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"തിരഞ്ഞെടുപ്പ് വരുമ്പോൾ, ഞങ്ങൾക്ക് വോട്ട് ചെയ്യരുതെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കും. നിങ്ങൾ കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം നിർത്തുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുന്നുവെങ്കിൽ അന്ന് ഞങ്ങൾക്ക് വോട്ട് ചെയ്യുക. ഇവ പൂർത്തീകരിക്കാൻ 10 വർഷമെടുക്കും. അന്ന് ഞങ്ങൾ വോട്ട് ചോദിക്കും," അദ്ദേഹം പറഞ്ഞു.

അതിനിടെ, അസമിൽ ശൈശവ വിവാഹങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട നടപടിയിൽ ചൊവ്വാഴ്ച 800-ലധികം പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. നടപടികൾ ഇപ്പോഴും തുടരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ മൊത്തം 3,907 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ 3,319 പേർ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം, 2012 (പോക്‌സോ) പ്രകാരം കുറ്റാരോപിതരായിട്ടുണ്ടെന്നും സെപ്റ്റംബർ 11 ന് അസം അസംബ്ലിയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം