അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ രാജസ്ഥാനില്‍ പോരാട്ട ചിത്രം തെളിയുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും വിജയം നിര്‍ണായകമായ സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തുന്ന ആദ്യപട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പിന്നാലെ ബിജെപി രണ്ടാം ഘട്ട പട്ടികയും പുറത്തിറക്കി.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സര്‍ദാര്‍പുരയില്‍ നിന്നും ജനവിധി തേടും. ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിന്‍ പൈലറ്റ് ടോങ്കോയില്‍ നിന്ന് മത്സരിക്കും. നിലവില്‍ നിയമസഭാ സ്പീക്കറായിരുന്ന സി പി ജോഷി നാഥ്വാഡയില്‍ നിന്നും മത്സരിക്കും. 33 പേരടങ്ങുന്ന ആദ്യഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.
കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹിക്കുന്നതിനായി കരുതലോടെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആദ്യഘട്ട പട്ടിക. മുന്‍പത്തെ തവണയില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാത്ത പട്ടികയാണ് ഇത്തവണയും തയ്യാറാക്കിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് ഗ്രൂപ്പിലെ നാല് നേതാക്കളും ആദ്യ ഘട്ട പട്ടികയില്‍ ഇടം ഉറപ്പിച്ചു. വിരാട്‌നഗര്‍ - ഇന്ദ്രജ് സിംഗ് ഗുര്‍ജാര്‍, ലാഡ്‌നൂന്‍ - മുകേഷ് ഭകര്‍, പര്‍ബത്സര്‍ - രാംനിവാസ് ഗവാദിയ, നോഹര്‍ - അമിത് ചാച്ചന്‍ എന്നവരാണിവര്‍. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോട്ടസാര സിറ്റിങ് സീറ്റായ ലക്ഷ്മണ്‍ഗഡില്‍ ജനവിധി തേടും.
സച്ചിന്‍ പൈലറ്റ് ഗ്രൂപ്പിലെ നാല് നേതാക്കളും ആദ്യ ഘട്ട പട്ടികയില്‍ ഇടം ഉറപ്പിച്ചു
അതേസമയം, ബിജെപിയുടെ രണ്ടാം ഘട്ടപട്ടികയില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഉള്‍പ്പെടെ 83 പേര്‍ ഇടംപിടിച്ചു. വസുന്ധര രാജെ സിന്ധ്യയെ മുന്‍നിര്‍ത്തി രാജസ്ഥാനില്‍ പ്രചാരണം മുന്നോട്ടുകൊണ്ടുപോകാന്‍ ബിജെപി നേതൃത്വത്തിന് താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പട്ടിക പുറത്തുവന്നത്. വസുന്ധര ഝാല്‍റാപാഠന്‍ മണ്ഡലത്തില്‍നിന്നു തന്നെ ജനവിധി തേടും. പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് താരാനഗര്‍ മണ്ഡലത്തില്‍ മത്സരിക്കും.
ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്ന തന്ത്രവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും തിരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരുന്നു ബിജെപിയുടെ പദ്ധതി. സംസ്ഥാന നേതൃത്വത്തിലെ നേതാക്കള്‍ തമ്മിലുള്ള പോരിനെ മറികടക്കാന്‍ കൂടിയായിരുന്നു രാജസ്ഥാനില്‍ ഈ തന്ത്രം ബിജെപി ആവര്‍ത്തിക്കാന്‍ ശ്രമിച്ചത്. വസുന്ധര രാജെയും സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവര്‍ തമ്മിലുള്ള ഭിന്നത സംസ്ഥാനത്ത് തിരിച്ചിടിയായേക്കുമെന്ന വിലയിരുത്തലും ഈ നീക്കത്തിന് പിന്നിലുണ്ട്.