ഡല്‍ഹിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്നാല്‍ മുന്‍നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി അഞ്ച് മന്ത്രമാര്‍ മാത്രമാകും മുഖ്യമന്ത്രിക്കൊപ്പം സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക. നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പടെ ആറുപേര്‍ മന്ത്രിസഭയിലുണ്ടാകുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ഏഴാം മന്ത്രിസ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതിഷിക്കൊപ്പം കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും ഉത്തര-പൂര്‍വ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദളിത് മുഖവും പുതുമുഖവുമായ സുല്‍ത്താന്‍പുര്‍ മജ്‌റ എംഎല്‍എ മുകേഷ് അഹ്ലാവതുമാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്.
മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഓരോരോരുത്തര്‍ക്കും കൂടുതല്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയായ അതിഷിക്കു മാത്രം 15 പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയും അതിഷിക്കാണ്. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ 13 പ്രധാന വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗമാണ് അതിഷിയെ ഐകകണ്‌ഠേന മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറങ്ങാനുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനം ഡല്‍ഹി രാഷ്ട്രീയത്തെ ഉറ്റുനോക്കിയവര്‍ക്കിടയില്‍ അപ്രതീക്ഷിതമായിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കെജ്‌രിവാളിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
അഞ്ചു മാസത്തിനപ്പുറം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ 'തന്റെ സത്യസന്ധത' അംഗീകരിച്ചാല്‍ മാത്രമേ താന്‍ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ വരൂയെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനം. തനിക്ക് നിയമത്തിന്റെ കോടതിയില്‍ ലഭിച്ച നീതി, ജനങ്ങളില്‍നിന്നും വേണമെന്നാണ് എഎപി നേതാവിന്റെ ആവശ്യം.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലിന്റെ ഇരയെന്ന പ്രതീതിയാണ് കെജ്രിവാളിനുള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളിലെല്ലാം കെജ്രിവാള്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുമുണ്ട്. അങ്ങനെയിരിക്കെ, ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് നടത്തുന്ന രാജി, തനിക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിലായിരിക്കണം കെജ്രിവാള്‍. പെട്ടെന്നൊരു തിരഞ്ഞെടുപ്പ് വന്നാല്‍ പോലും ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും എഎപി കരുതുന്നു. ഒപ്പം അധികാരമോഹിയായ നേതാവല്ല താന്‍ എന്നുകൂടി രാജിസന്നദ്ധതയിലൂടെ കെജ്രിവാള്‍ പറഞ്ഞുവയ്ക്കുന്നു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആരോപണ വിധേയരായ കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. മറ്റ് എഎപി നേതാക്കളായ സത്യേന്ദര്‍ ജെയിനും അമാനത്തുള്ള ഖാനും ഇപ്പോഴും ജയിലിലാണ്. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പ്രതിപ്രകാരനടപടിയാണെന്ന പ്രതീതി ഡല്‍ഹിയിലെ ഒരുവിഭാഗം വോട്ടര്‍മാര്‍ക്കിടയിലെങ്കിലുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വാദം ഏശിയില്ലെങ്കിലും ഒരു നിയമസഭയില്‍ പ്രതിഫലനമുണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.