ഭർത്താവിനെയോ അയാളുടെ വീട്ടുകാരെയോ ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ പേരെഴുതി വച്ച് ആത്മഹത്യ ശ്രമം നടത്തുന്നത് വിവാഹമോചനത്തിനുള്ള കാരണമാണെന്ന് ഡൽഹി ഹൈക്കോടതി. ഭർത്താവിനോടും വീട്ടുകാരോടും ചെയ്യുന്ന ക്രൂരതയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. കള്ളക്കേസിൽ കുടുങ്ങുമോ എന്ന ഭീതിയിൽ ഭർത്താവിനും കുടുംബത്തിനും ജീവിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിടുകയാണ് സ്ത്രീയുടെ പ്രവൃത്തി ചെയ്യുന്നതെന്നും കോടതി പറഞ്ഞു.
വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. പലതവണ ഭർതൃവീട്ടുകാർക്കെതിരെ സ്ത്രീ കേസുകൾ നൽകിയിരുന്നതായി കോടതി കണ്ടെത്തി. ഭർത്താവിന്റെ ബന്ധുക്കൾ നിരപരാധികാളാണെന്ന് അറിഞ്ഞിട്ടും അവരെ ശിക്ഷിച്ചിരുന്നതായി കോടതി വ്യക്തമാക്കി.
സ്ത്രീ, ഭർതൃവീട്ടുകാരെ ജയിലിലാക്കാൻ നിരന്തരം കേസുകൾ കൊടുത്തിരുന്നു. 2007ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു. എന്നാൽ രണ്ട് വർഷത്തെ വൈവാഹിക ജീവിതത്തിനിടയിൽ, കക്ഷികൾ കഷ്ടിച്ച് പത്തുമാസം മാത്രമേ ഒരുമിച്ച് താമസിച്ചിട്ടുള്ളു. അക്കാലത്താണ് ഭർത്താവ് ക്രൂരതകൾ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ വ്യാജ സിവിൽ, ക്രിമിനൽ കേസുകൾ നൽകിയത്.
ഭർത്താവ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന തരത്തിലുള്ള വാദങ്ങളും ഭാര്യ ഉന്നയിച്ചിരുന്നു. പോഷകഗുണമുള്ള ടോണിക്ക് ആണെന്ന് പറഞ്ഞ് കൊതുശല്യം ഇല്ലാതാക്കാനുള്ള ദ്രാവകം നൽകുകയായിരുന്നുവെന്നും ഭാര്യ വാദിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ക്രോസ്‌വിസ്താരത്തിൽ ഭർത്താവ് ആ സമയം വീട്ടിലില്ലായിരുന്നു എന്ന കാര്യം ഭാര്യ സമ്മതിച്ചിരുന്നു.