അയോധ്യയില്‍ പണികഴിപ്പിച്ച പുതിയ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിലെ ഗര്‍ഭ ഗൃഹത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യയജമാനനായ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹത്തിന്റെ നേത്രോന്മീലനം നടത്തി. യുപി മുഖ്യന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേൽ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരും ചടങ്ങില്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വെള്ളിക്കുടയും പട്ടു പുടവയും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
11.30 ഓടെയാണ് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങിയത്. 12 മണികഴിഞ്ഞ് 29 മിനിറ്റ് 8 സെക്കൻഡിനും 12 30 മിനുറ്റ് 32 സെക്കൻഡിനും ഇടയിലായിരുന്നു പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം. പൗഷ ശുക്ല ദ്വാദശി ദിവസമാണ് ഇത്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക.
എട്ടായിരത്തോളം പേരാണ് വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുക്കുന്നത്. വിദേശ പ്രതിനിധികള്‍ക്ക് പുറമെ കലാ- സാംസ്‌കാരിക- സാമൂഹിക - കായിക മേഖലയില്‍ നിന്നുള്ളവരാണ് അതിഥികളില്‍ ഭൂരിഭാഗവും. രണ്ടുമണിമുതല്‍ അതിഥികള്‍ക്ക് ക്ഷേത്രദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രജനികാന്ത്, ചിരഞ്ചീവി, രാംചരണ്‍, മാധുരി ദീക്ഷിത്, വിക്കി കൗശല്‍, കത്രിന കൈഫ്, ആയുഷ്മാന്‍ ഖുറാന, രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, കങ്കണ റാവത്ത് കായിത താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൈന നെഹ്‌വാള്‍, മിതാലിരാജ്, പി വി സിന്ധു എന്നിവരും അയോധ്യയിലുണ്ട്. പ്രമുഖ വ്യവസായി അനില്‍ അംബാനി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് തുടങ്ങിയവരും അയോധ്യയിലെത്തിയിട്ടുണ്ട്.
രാവിലെ 10ന് മംഗൾ ധ്വനി എന്ന സംഗീത പരിപാടിയോടെയാണ് രാമക്ഷേത്രം പ്രണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 12:20 ന് ആരംഭിച്ച ''പ്രാണ പ്രതിഷ്ഠ'' ചടങ്ങ് ഉച്ചയ്ക്ക് ഒന്നോടെ അവസാനിക്കും. ചടങ്ങിനുശേഷം, പരിപാടിയിൽ പങ്കെടുത്ത ആളുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.