INDIA

ബാബ സിദ്ദിഖി വധം: ഒരാൾ കൂടി അറസ്റ്റിൽ, പ്രതികളിൽ ഒരാൾ സൽമാൻ ഖാൻ കേസിൽ പോലീസ് വിട്ടയച്ച ആൾ

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പ്രധാന പങ്ക് വഹിച്ചയാളാണ് ശുഭം ലോങ്കർ എന്ന് പോലീസ്

വെബ് ഡെസ്ക്

മുതിർന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ പോലീസ് അന്വേഷിക്കുന്ന പ്രതി നേരത്തെ സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിയുതിർത്ത കേസിൽ വിട്ടയച്ച ആൾ. ഏപ്രിലിൽ നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പ്പിന് ശേഷം മുംബൈ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശുഭം ലോങ്കർ ആണ് ബാബ സിദ്ദിഖി വധത്തിൽ പോലീസ് അന്വേഷിക്കുന്ന പ്രതി. തെളിവുകളുടെ അഭാവം മൂലമാണ് അന്ന് ഇയാളെ പോലീസ് വിട്ടയച്ചത്.

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പ്രധാന പങ്ക് വഹിച്ചയാളാണ് ശുഭം ലോങ്കർ എന്ന് പോലീസ് വ്യക്തമാക്കി. സൽമാൻ ഖാൻ്റെ വസതിയായ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് നടന്ന വെടിവെയ്പ്പിനുശേഷം ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ പ്രധാന അംഗമെന്ന് കരുതുന്ന ലോങ്കറിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇയാൾക്കൊപ്പം നിരവധി പേരെ കേസിൽ ചോദ്യം ചെയ്തിരുന്നു. വെടിവെപ്പ് കേസിലെ പ്രതികൾക്ക് അഭയം നൽകി എന്നതായിരുന്നു ആരോപണമെങ്കിലും ശക്തമായ തെളിവുകൾ ഒന്നും കണ്ടെത്താൻ ആകാതെ വന്നതോടെ വിട്ടയക്കേണ്ടി വന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

സിദ്ദിഖി വധത്തിലെ ഗൂഢാലോചനയിൽ പ്രധാനികൾ ലോങ്കറും, സഹോദരൻ പ്രവിണും ആണെന്നും ധരംരാജ് കശ്യപ്, ശിവ് കുമാർ ഗൗതം എന്നിവരാണ് കുറ്റകൃത്യം ചെയ്തതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ദിഖിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ശുഭം ലോങ്കറിൻ്റെ അക്കൗണ്ടിൽ നിന്നാണെന്നാണ് ആരോപണം. പ്രവീണിനെ നേരത്തെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ശുഭം ഇപ്പോഴും ഒളിവിലാണ്.

അതേസമയം ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ 23 കാരനായ ഹരീഷ്‌കുമാർ ബാലക്രം എന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുള്ള പണം തയ്യാറാക്കിയതും സാധനങ്ങൾ എത്തിച്ചതും ഇയാളാണെന്നും പോലീസ് അറിയിച്ചു. ബാലക്രം പൂനെയിൽ ആക്രി കച്ചവടക്കാരനായിരുന്നു. മൂന്ന് പ്രതികളിൽ രണ്ടു പേരായ ധർമ്മരാജ്, ശിവപ്രസാദ് ഗൗതം എന്നിവർ ബാലക്രമിൻ്റെ കടയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന് മുന്നോടിയായി ശിവപ്രസാദിനും ധർമരാജിനുമായി ഇയാൾ പുതിയ ഫോണുകൾ വാങ്ങി നൽകിയിരുന്നു. ഇയാൾക്ക് കുറ്റകൃത്യത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നുവെന്നും പോലീസ് അറിയിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി