ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ 
INDIA

ഷിൻഡെ വിഭാഗത്തിന് തിരിച്ചടി; ശിവാജി പാർക്കിൽ ദസറ റാലിയ്ക്ക് ഉദ്ധവ് പക്ഷത്തിന് അനുമതി

വെബ് ഡെസ്ക്

മുംബൈയിലെ ശിവാജി പാർക്കിൽ ദസറ റാലി സംഘടിപ്പിക്കാൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി. കോടതിയുടെ നടപടി ഏകനാഥ് ഷിൻഡെ വിഭാഗത്തിന് തിരിച്ചടിയായി. തർക്കം തീരുന്നതുവരെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന ഷിൻഡെ വിഭാഗത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.

ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തിനും ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നിഷേധിച്ചിരുന്നു. മുംബൈ പോലീസ് ഉന്നയിച്ച ക്രമസമാധാന പ്രശ്‌നത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനെത്തുടർന്നാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്. റാലിക്കായി ആദ്യം അപേക്ഷ നല്‍കിയത് ഉദ്ധവ് വിഭാഗമായിരുന്നു. ഷിൻഡെ പക്ഷം ഓഗസ്റ്റ് 30 നാണ് മുംബൈ പൗരസമിതിക്ക് അപേക്ഷ നൽകിയത്.

ശിവസേനയുടെ ദസറ റാലി മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. ശിവസേന വളർന്നത് രാജ്യദ്രോഹികളിൽ നിന്നല്ല,ശിവസൈനികരുടെ രക്തത്താലാണ്.
ഉദ്ധവ് താക്കറെ

1966 മുതൽ ദസറ ദിനത്തിൽ മുംബൈയിലെ ശിവാജി പാർക്കിൽ ശിവസേന റാലി നടത്തി വരികയാണ്. കോവിഡ് 19 കാരണം കഴിഞ്ഞ രണ്ട് വർഷം റാലി നടത്താൻ കഴിഞ്ഞിരുന്നില്ല. ശിവസേന രണ്ട് വിഭാഗങ്ങളായി പിരിഞ്ഞ സാഹചര്യത്തിൽ ഈ വർഷത്തെ പരിപാടിക്ക് രാഷ്ട്രീയമായും പ്രാധാന്യമുണ്ട്. എന്ത് സംഭവിച്ചാലും ശിവാജി പാർക്കിൽ ദസറ റാലി നടത്തുമെന്ന് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിന് ബാന്ദ്ര കുർള കോംപ്ലക്‌സ് ഗ്രൗണ്ടിൽ റാലി നടത്താനാണ് എംഎംആർഡിഎ അനുമതി നല്‍കിയിരുന്നത്.

ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രം​ഗത്ത് വന്നു. 2019ലെ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ താക്കറെ ഉപയോഗിച്ചുവെന്നാണ് ഫഡ്‌നാവിസിന്റെ വിമർശനം. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം താക്കറെ പ്രതിപക്ഷവുമായി ചേർന്ന് സർക്കാരുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വർഷത്തെ ഭരണത്തിന് കീഴിൽ മഹാ വികാസ് അഘാഡി സഖ്യം തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും