INDIA

ബദ്‌ലാപൂർ ലൈംഗിക പീഡനം: വിഷയം സ്കൂൾ മറച്ചുവെച്ചുവെന്ന് ബാലാവകാശ കമ്മിഷൻ, പ്രതിഷേധം ആസൂത്രിതമെന്ന് പോലീസ്

ലോക്കൽ ട്രെയിൻ ഗതാഗതം തടഞ്ഞവർക്കെതിരെ കലാപത്തിന് കേസെടുത്തതായും 26 പേരെ കസ്റ്റഡിയിലെടുത്തതായും റെയിൽവേ പോലീസ് കമ്മീഷണർ രവീന്ദ്ര ഷിശ്വെ

വെബ് ഡെസ്ക്

ബദ്‌ലാപൂർ സ്കൂളിൽ നടന്ന ലൈംഗികാതിക്രമം മറച്ചുവെക്കാൻ സ്കൂൾ അധികാരികള്‍ ശ്രമിച്ചുവെന്ന് മഹാരാഷ്ട്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ (എംഎസ്‌സിപിസിആർ) അധ്യക്ഷൻ. അതിക്രമത്തിന് ഇരയായ കുട്ടികളുടെ കുടുംബത്തെ നിയമനടപടി സ്വീകരിക്കാൻ സഹായിക്കുന്നതിന് പകരം വിഷയം മറച്ചുവെക്കാനാണ് സ്കൂൾ അധികൃതർ ശ്രമിച്ചത്. സംഭവം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും സുസെയ്ബൻ ഷാ വിമർശിച്ചു.

നഴ്‌സറി വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിക്കപ്പെടുന്ന കേസ് ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമുള്ളതാണ്. അതിനാൽ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതാണെന്നും സുസെയ്ബൻ ഷാ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം, മാതാപിതാക്കളുടെ ആശങ്കകളെക്കുറിച്ചറിയാനായി താനെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെട്ടതായും സംസ്ഥാന ബാലാവകാശ പാനൽ മേധാവി പറഞ്ഞു.

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആണ് പരാതി നൽകാൻ മാതാപിതാക്കളെ കൊണ്ടുപോയത്. സ്‌കൂൾ മാനേജ്‌മെൻ്റിനോട് കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ അത് മൂടിവെക്കാൻ ശ്രമിച്ചു. സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിക്കൂടേയെന്ന് ഞാൻ അവരോട് ചോദിച്ചു, ഷാ പറഞ്ഞു. സ്‌കൂൾ മാനേജ്‌മെൻ്റ് ഉടൻ തന്നെ പോലീസിനെ അറിയിച്ചിരുന്നെങ്കിൽ ബദ്‌ലാപൂരിലെ സംഘർഷാവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നും രക്ഷിതാക്കളെ 11 മണിക്കൂർ കാത്തുനിൽക്കാൻ പ്രേരിപ്പിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം നഴ്‌സറി വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തെ തുടർന്ന് ബദ്‌ലാപൂർ സ്‌റ്റേഷനിൽ ചൊവ്വാഴ്ച ഉണ്ടായ പ്രതിഷേധം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. അച്ചടിച്ച ബാനറുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങളും മറ്റ് സൂചകങ്ങളും ഇത് ആസൂത്രിത പ്രതിഷേധമാണെന്ന് സൂചിപ്പിക്കുന്നതായാണ് പോലീസ് വ്യക്തമാക്കിയത്. എഫ്ഐആർ ഫയൽ ചെയ്തതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം നടത്താൻ തീരുമാനിക്കുകയും തിങ്കളാഴ്ച ഇത് നടത്താൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും രക്ഷാബന്ധൻ കാരണം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ലോക്കൽ ട്രെയിൻ ഗതാഗതം തടഞ്ഞവർക്കെതിരെ കലാപത്തിന് കേസെടുത്തതായും 26 പേരെ കസ്റ്റഡിയിലെടുത്തതായും റെയിൽവേ പോലീസ് കമ്മീഷണർ രവീന്ദ്ര ഷിശ്വെ പറഞ്ഞു.

മഹാരാഷ്ട്ര താനെയിലെ പ്രശസ്തമായ ഒരു സ്കൂളിൽ നാല്‌ വയസുള്ള നഴ്‌സറി വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായതായാണ് കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് കാരണമായത്. സ്കൂളിലെ സ്വീപ്പർ ആണ് പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പ്രതിഷേധക്കാർ ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിൽ തടിച്ച് കൂടുകയും ലോക്കൽ ട്രെയിനുകളും ട്രക്കുകളും തടയുകയും ചെയ്തു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍