INDIA

രാജ്യത്തെ വിചാരണ തടവുകാർ കൂടുന്നു; 15 ഹൈക്കോടതികളുടെ മുന്നിലുള്ളത് 9,27,896 ജാമ്യാപേക്ഷകൾ

ഹൈക്കോടതികൾ ജാമ്യാപേക്ഷകളിൽ ഉത്തരവ് പുറപ്പെടുവിക്കാൻ എടുക്കുന്നത് 23 ദിവസമാണ്

വെബ് ഡെസ്ക്

രാജ്യത്തെ ജയിലുകളിൽ ജാമ്യം ലഭിക്കാതെ കഴിയുന്ന വിചാരണ തടവുകാരുടെ എണ്ണമേറുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഹൈക്കോടതികളിൽ എത്തുന്ന ജാമ്യാപേക്ഷയിൽ 35 ശതമാനം വർധനയാണ് ഉണ്ടായത്. ജില്ലാ കോടതികൾ പതിവായി ജാമ്യാപേക്ഷകൾ നിരസിക്കുന്നതോടെയാണ് തടവുകാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. വിചാരണ നീണ്ടുപോകുന്ന തടവുകാര്‍ക്ക് ജാമ്യം വൈകുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സുപ്രീംകോടതി പലതവണ നിരീക്ഷിച്ച കാര്യമാണെങ്കിലും അതെല്ലാം ലംഘിച്ചാണ്‌ ഇത്തരമൊരു പ്രവണത കണ്ട് വരുന്നത്. ഇന്ത്യൻ ജയിലുകളിലെ വിചാരണത്തടവുകാരുടെ അനുപാതം 2019-ൽ 68 ശതമാനത്തിൽ നിന്ന് 2021-ൽ 77 ശതമാനമായി ഉയർന്നു.

ജാമ്യം എന്നത് ഒരു സാധാരണ നിയമ നടപടി മാത്രമല്ല. ഇത് നിരപരാധിത്വത്തിന്റെ സാധ്യത എന്ന തത്വം ഉയർത്തിപ്പിടിക്കുകയും ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ജാമ്യപേക്ഷകളുടെ എണ്ണം വർധിക്കുന്നത് പരിഗണിക്കുമ്പോൾ നീതിന്യായ വ്യവസ്ഥയിലെ വ്യവസ്ഥാപരമായ പിഴവുകളാണ് വെളിപ്പെടുന്നത് എന്ന് പറയേണ്ടി വരും. രാജ്യം ദീർഘകാലമായി അനുഭവിക്കുന്ന ഒരു പ്രശ്നത്തിലേക്ക് കൂടിയാണ് ഇത് വെളിച്ചം വീശുന്നത്. ഇതിനകം തന്നെ കാര്യമായ കേസുകൾ കെട്ടിക്കിടക്കുന്ന ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ജാമ്യഹർജികൾ കുമിഞ്ഞ് കൂടുന്നത് ജുഡീഷ്യറിക്കുമേല്‍ നിലവിലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

നിലവിൽ 9,27,896 ജാമ്യക്കേസുകൾ ആണ് 15 ഹൈക്കോടതികളിലായി നില നിൽക്കുന്നത്. പൊതുവിൽ ജാമ്യാപേക്ഷകൾ പരിഹരിക്കാൻ അധികം സമയം ആവശ്യമായി വരാറില്ല. ജാമ്യം നൽകണമോ എന്നതിൽ സങ്കീർണ്ണമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നതാണ് ഇതിന് കാരണം. വിചാരണത്തടവുകാരന്റെ കുറ്റമോ നിരപരാധിത്വമോ ജഡ്ജി തീരുമാനിക്കേണ്ടതില്ല. എന്നാൽ ഈ ഹൈക്കോടതികൾ ജാമ്യാപേക്ഷകളിൽ ഉത്തരവ് പുറപ്പെടുവിക്കാൻ എടുക്കുന്നത് 23 ദിവസമാണ്. ജമ്മു കശ്മീർ ഹൈക്കോടതി 156 ദിവസവും ഒറീസയിലെയും ബോംബെയിലെയും ഹൈക്കോടതികൾ യഥാക്രമം 61 ദിവസവും 56 ദിവസവുമാണ് ജാമ്യാപേക്ഷകൾ തീർപ്പാക്കാൻ എടുത്തത്. ഇപ്പോൾ തീർപ്പാക്കുന്ന ജാമ്യാപേക്ഷകളിൽ 40 ശതമാനവും ഒരു മാസത്തിലേറെയായി ഒരു മാസത്തിലേറെയായി കോടതികളില്‍ കെട്ടിക്കിടക്കുന്നവയാണ്.

ഇന്ത്യയിലെ കോടതികളിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഒരു മാസത്തെ കാത്തിരിപ്പ് വലുതായി തോന്നില്ലെങ്കിലും തടവുകാരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഈ കാലതാമസം വളരെ വലിയ ആഘാതം സൃഷ്ടിക്കും. ഒരു കേസിൽ തീർപ്പുകൽപ്പിക്കുന്ന സമയത്തിലുടനീളം, വിചാരണത്തടവുകാരൻ തടവിൽ തുടരുന്നു. ജില്ലാ കോടതികൾ ജാമ്യം നിഷേധിച്ചതിനാൽ പലപ്പോഴും ഈ കേസുകൾ ഹൈക്കോടതികളിൽ എത്തുന്നു. അതിനാൽ തടവുകാലം ഹൈക്കോടതി തീർപ്പാക്കൽ സമയപരിധിയേക്കാൾ വളരെ കൂടുതലാവും. അത്തരം തടവ് നിരപരാധിത്വത്തിന്റെ സാധ്യത എന്നുള്ളതിൽ നിന്നുള്ള വ്യതിചലനമാണ്. കുറ്റാരോപിതനായ വ്യക്തിയുടെ ജീവിതത്തിലും ബന്ധങ്ങളിലും ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഹൈക്കോടതികളിലുടനീളം ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ 2015-16 മുതൽ 2019-20 വരെയുള്ള കാലയളവിൽ ജാമ്യാപേക്ഷകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടായതായി സുപ്രീം കോടതിയുടെ വാർഷിക റിപ്പോർട്ടുകളിൽ കാണാം. 2019-20 നും 2020-21 നും ഇടയിലാണ് ഏറ്റവും വലിയ വർദ്ധനവ്, ഏകദേശം 18 ശതമാനം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് , ഈ കാലയളവിൽ വിചാരണത്തടവുകാരുടെ എണ്ണത്തിലും സമാനമായ വർധനയുണ്ടായി. ഈ കുതിപ്പ് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടപ്പോൾ വലിയ തോതിൽ കുറഞ്ഞു. ഈ സമയത്ത് ജയിലുകളിൽ തിരക്ക് കുറഞ്ഞു. 2020 മാർച്ച് 16-ന്, ഇടക്കാല ജാമ്യം, പരോൾ എന്നിവയിൽ ശിപാർശകൾ നൽകുന്ന ഉന്നതാധികാര സമിതികൾ രൂപീകരിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങളോട് ഉത്തരവിട്ടിരുന്നു.

കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (CHRI) നടത്തിയ പഠന പ്രകാരം 2020 ഏപ്രിൽ 1 നും 2020 ജൂൺ 30 നും ഇടയിൽ ജയിൽ ജനസംഖ്യയിൽ 10.42 ശതമാനം കുറവുണ്ടായി. എന്നാൽ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ആളുകളുടെ എണ്ണം ലഘൂകരിക്കുന്നതിന് പകരം അവരെ പലയിടത്താക്കി തടവുകാരെ ഒരു ജയിലിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയാണ് ചെയ്തത്.

2020 ഡിസംബറോടെ ഇതെല്ലാം പഴയപടിയായി, വിചാരണയ്ക്ക് വിധേയരായവരുടെ എണ്ണം ഒരു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതലായി. എൻസിആർബിയുടെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2020 ൽ ജാമ്യം ലഭിച്ച തടവുകാരുടെ എണ്ണം മുൻവർഷത്തേക്കാൾ 18 ശതമാനം കുറഞ്ഞു.

ഹൈക്കോടതികളിൽ ജാമ്യക്കേസുകൾ പെരുകുന്നു എന്നു മാത്രമല്ല, മൊത്തം കേസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വലുതാണ്. കൂടുതല്‍ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട ജുഡീഷ്യറിയുടെ നല്ലൊരു ശതമാനം സമയവും ഈ ജാമ്യാപേക്ഷകള്‍ അപഹരിക്കുകയാണെന്നു വേണം പറയാന്‍. പട്നയിലെയും ജാർഖണ്ഡിലെയും ഹൈക്കോടതികൾ ഇതിൽ എടുത്തു പറയേണ്ടതുണ്ട്. അവിടെ മൊത്തം കേസുകളിൽ 50-ഉം 60-ഉം ശതമാനത്തിലധികം ജാമ്യാപേക്ഷകൾ ആണ്. കേസുകളുടെ കെട്ടിക്കിടക്കലിൽ മാത്രമല്ല, ജുഡീഷ്യൽ സംവിധാനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിലും ഇത് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

ജാമ്യത്തിനായി കാത്തിരിക്കുന്ന വ്യക്തികളെ ദീർഘകാലത്തേക്ക് തടഞ്ഞുവയ്ക്കുന്ന സംവിധാനം നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ജുഡീഷ്യൽ പ്രക്രിയയിലെ ചെറിയ കാലതാമസങ്ങൾ പോലും അതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവിതത്തിന് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം