INDIA

'സഞ്ജയ് കുമാര്‍ ബ്രിജ് ഭൂഷന്റെ അനുയായി'; വിജയിച്ചാൽ വനിതാ ഗുസ്തിക്കാർ സുരക്ഷിതരായിരിക്കില്ല: ബജ്‌രങ് പുനിയ

ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളോ പിന്തുണക്കുന്നവരോ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നതായിരുന്നു സമരം അവസാനിപ്പിക്കുന്നതിനുള്ള ഗുസ്തി താരങ്ങളുടെ വ്യവസ്ഥകളിലൊന്ന്. ഇത് കേന്ദ്രം അംഗീകരിച്ചിരുന്നു

വെബ് ഡെസ്ക്

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധികാരമാറ്റം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന് ഗുസ്തി താരം ബജ്‍രങ് പുനിയ. ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്റെ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങുമായി അടുപ്പമുള്ളവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ വനിതാ ഗുസ്തി താരങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്നും പുനിയ പറഞ്ഞു. ബ്രിജ് ഭൂഷന്റെ അനുയായിയായ സഞ്ജയ് കുമാര്‍ സിങ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെയാണ് പ്രതികരണം.

'ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബ്രിജ് ഭൂഷന്റെ അനുയായിയായ സഞ്ജയ് കുമാര്‍ സിങ് വിജയിച്ചാല്‍ അത് ബ്രിജ് ഭൂഷണ്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തുല്യമാണെന്ന് ബജ്‍രങ് പുനിയ പറഞ്ഞു. ബ്രിജ് ഭൂഷണുമായും കുടുംബാംഗങ്ങളുമായും അടുപ്പമുള്ളവര്‍ മത്സരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയാണെന്ന് തോന്നുന്നില്ല', പുനിയ കൂട്ടിച്ചേർത്തു.

വിശ്വസ്തരിലൂടെ ബ്രിജ് ഭൂഷൺ അധികാരത്തില്‍ തുടരാനാണ് ശ്രമിക്കുന്നത്. അയാള്‍ക്കെതിരെ തുറന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരും എന്നാല്‍ ഭയത്തില്‍ അത് ചെയ്യാത്തവരുമായ വനിതാ ഗുസ്തിക്കാരെ നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്നും പുനിയ ആരോപിച്ചു.

ബ്രിജ് ഭൂഷണുമായി ഡബ്ല്യൂഎഫ്‌ഐയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമാകുന്ന നിമിഷം, ലൈംഗിക പീഡനത്തിന് ഇരയായ മറ്റുള്ളവർക്കും അവര്‍ കടന്നുപോയതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടാകും. ബ്രിജ് ഭൂഷണ്‍ ശക്തനും വലിയ ബന്ധങ്ങളുള്ളവനുമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഡബ്ല്യുഎഫ്‌ഐയില്‍ മാറ്റം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എം പിയും നിലവിലെ ദേശീയ ഗുസ്തി ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷൺ വനിത താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ലഖ്നൗവിലെ ദേശീയ പരിശീലന ക്യാമ്പില്‍ വച്ച് വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആരോപണം. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട താരങ്ങള്‍ക്ക് ബ്രിജ് ഭൂഷന്റെ ഭാഗത്തുനിന്ന് വധഭീഷണി നേരിട്ടുവെന്നും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജറംഗ് പുനിയ, അന്‍ഷു മാലിക് എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിച്ചത്.

ജൂണില്‍ കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഗുസ്തി താരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളോ പിന്തുണക്കുന്നവരോ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നതായിരുന്നു സമരം അവസാനിപ്പിക്കുന്നതിനുള്ള ഗുസ്തി താരങ്ങളുടെ വ്യവസ്ഥകളിലൊന്ന്. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഉത്തര്‍ പ്രദേശിന്റെ ഗുസ്തി സംഘടനയുടെ വൈസ് പ്രസിഡന്റാണ് സഞ്ജയ് കുമാര്‍. സഞ്ജയ്ക്കെതിരെ മത്സരിക്കുന്നത് 2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവായ അനിതാ ഷിയോറന്‍ ആണ്. ബ്രിജ് ഭൂഷണെതിരായ കേസിലെ സാക്ഷി കൂടിയാണ് അനിതാ ഷിയോറന്‍. അനിതയ്ക്ക് ബജ്‍‍രങ് പുനിയയെ കൂടാതെ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെയും പിന്തുണയുണ്ട്.

'അനിതാ ഒരു മുന്‍ ഗുസ്തി താരമാണ്. അവര്‍ക്ക് കായിക ലോകത്തെ മനസ്സിലാക്കാന്‍ സാധിക്കും. രാജ്യത്തിന് വേണ്ടി മെഡല്‍ നേടാനുള്ള ഗുസ്തിക്കാരുടെ ത്യാഗങ്ങള്‍ അവര്‍ക്കറിയാം. അതുകൊണ്ട് ഗുസ്തിതാരങ്ങളുടെ ശബ്ദമാകാന്‍ അവര്‍ക്ക് സാധിക്കും. വനിതാ ഗുസ്തിക്കാര്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടും എന്നതാണ് പ്രധാനം. ഡബ്ല്യുഎഫ്ഐയുടെ പ്രധാന പദവികള്‍ ആരൊക്കെ വഹിക്കുമെന്ന കാര്യത്തില്‍ ഞങ്ങളുടെ അഭിപ്രായം പ്രധാനമാണെന്ന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പ്രതിഷേധം പിന്‍വലിച്ചതിന് പിന്നിലെ ഒരു വ്യവസ്ഥയും കാരണവുമായിരുന്നു അത്. എന്നാല്‍ വാഗ്ദാനം പാലിക്കപ്പെടുമെന്ന് തോന്നുന്നില്ല,'ബജ്‍രങ് പുനിയ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ