പട്ടിക ജാതിയിൽ ആഭ്യന്തര സംവരണം നടപ്പാക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിൽ ബഞ്ചാര സമുദായത്തിന് പിറകെ ലംബാനി സമുദായവും പ്രതിഷേധവുമായി രംഗത്ത്. ബാഗൽകോട്ട, ബീദർ ജില്ലകളിലാണ് ലംബാനി സമുദായം പ്രതിഷേധ പ്രകടനം നടത്തിയത്. സംഘടിച്ചെത്തിയ ഒരു വിഭാഗം ബിജെപിയുടെ കൊടികൾ നശിപ്പിക്കുകയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബിജെപി നേതാക്കളെയും എംഎൽഎമാരെയും ഊരുവിലക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും സമുദായ നേതാക്കൾ അറിയിച്ചു.
തിങ്കളാഴ്ച സമാന രീതിയിൽ ബഞ്ചാര സമുദായം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ശിവമോഗയിൽ പ്രതിഷേധക്കാർ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയുടെ വീടിന് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. ഒരു പോലീസുകാരനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ ജെ സദാശിവ സമിതി ശുപാർശ പ്രകാരമായിരുന്നു പട്ടികജാതിയിലെ ഉപ വിഭാഗങ്ങൾക്ക് ആനുപാതിക സംവരണം ഏർപ്പെടുത്താൻ കർണാടക സർക്കാർ നീക്കം നടത്തിയത്. പട്ടിക ജാതിക്കാർക്കുള്ള 17 ശതമാനം സംവരണത്തിൽ പട്ടിക ജാതി ലെഫ്റ്റ് ഉപ വിഭാഗത്തിന് 6 ശതമാനവും റൈറ്റ് വിഭാഗത്തിന് 5.5 ശതമാനവും ബഞ്ചാര ഉൾപ്പെടുന്ന വിഭാഗത്തിന് 4.5 ശതമാനവും മറ്റുള്ളവർക്ക് ഒരു ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നായിരുന്നു സമിതിയുടെ ശുപാർശ. ഇത് ഭരണഘടനയുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്താൻ ബൊമ്മെ സർക്കാർ കേന്ദ്രത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ ശുപാർശ അശാസ്ത്രീയമാണെന്നാണ് പട്ടിജാതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. സമാധാനത്തോടെയും ഐക്യത്തോടെയും കഴിയുന്ന സമൂഹത്തിൽ ഭിന്നതയുണ്ടാക്കി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് കർണാടക സർക്കാരെന്ന് അവർ ആരോപിക്കുന്നു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറും വരെ തെരുവിൽ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം.
അതേസമയം, സംവരണം പിൻവലിച്ച നടപടി ചോദ്യം ചെയ്ത് മുസ്ലീം വിഭാഗവും കർണാടകയിൽ പ്രതിഷേധം തുടരുകയാണ്. വിവിധ മുസ്ലീം സംഘടനകളുടെ കൂട്ടായ്മകളാണ് സമര പരിപാടികൾ സംഘടിപ്പിക്കുന്നത്. മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം പിൻവലിച്ച് വൊക്കലിഗ, പഞ്ചമശാലി ലിംഗായത് സമുദായങ്ങൾക്ക് വീതിച്ച് നൽകുകയാണ് കർണാടക സർക്കാർ ചെയ്തത്. മുസ്ലീങ്ങളെ നിലവിൽ 10 ശതമാനം സംവരണം ലഭിക്കുന്ന സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ (EWS) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മുസ്ലീം എന്നതുകൊണ്ട് ലഭിച്ചിരുന്ന സംവരണം ഇനി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങൾക്ക് മാത്രമേ ലഭിക്കൂ എന്നതാണ് ഇതിലെ പ്രശ്നം. സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനിരിക്കുകയാണ് മുസ്ലീം സമുദായം.
മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനാ സാധുതയില്ലെന്നാണ് ബിജെപിയുടെ വാദം. സംവരണ പ്രശ്നം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടാൻ ഒരുങ്ങുകയാണ് കർണാടക കോൺഗ്രസ്. അധികാരത്തിൽ തിരിച്ചെത്തിയാൽ സംവരണം പുനഃസ്ഥാപിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു . സംവരണത്തെ ചൊല്ലി നിലവിൽ കർണാടകയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കോൺഗ്രസിന്റെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു. ലിംഗായത്-വൊക്കലിഗ വോട്ട് ബാങ്കുകൾ സംരക്ഷിക്കാൻ ബിജെപി കയ്യിലെടുത്ത സംവരണമെന്ന തുറുപ്പു ചീട്ട് അവർക്ക് തന്നെ തിരിച്ചടിയായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പട്ടിക ജാതി, ഒബിസി, ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ ബിജെപിയിൽ നിന്ന് അകലുമെന്നാണ് വിലയിരുത്തൽ .