INDIA

സ്ത്രീകള്‍ മുന്നിലിരിക്കരുതെന്ന്‌ സ്വാമി ജ്ഞാനവത്സല്യ; സിഎ വിദ്യാർഥി സമ്മേളനത്തിലെ ലിംഗവിവേചനത്തിനെതിരെ വ്യാപക വിമർശനം

വെബ് ഡെസ്ക്

കൊൽക്കത്തയിൽ അടുത്തിടെ നടന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർഥികൾക്കായുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യാതിഥിയായ സ്വാമി ജ്ഞാനവാത്സല്യയ്ക്ക് വേണ്ടി സ്ത്രീകളെ മാറ്റിനിർത്തിയതിൽ പ്രതിഷേധം കടുക്കുന്നു. പരിപാടി നടന്ന വേദിയിലെ മുൻനിരയിലോ പരിസരത്തോ സ്ത്രീകൾ ഉണ്ടായാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നായിരുന്നു ബാപ്സ് സ്വാമിനാരായണ മന്ദിറിൽ നിന്നുള്ള സ്വാമി ജ്ഞാനവത്സല്യയുടെ നിലപാട്.

ഇതോടെ സംഘാടകർ സ്വാമി ആവശ്യപ്പെട്ടപോലെ പെൺകുട്ടികളെയും സ്ത്രീകളെയും ഒഴിവാക്കുകയായിരുന്നു. ജൂൺ 22-23 തീയതികളിൽ കൊൽക്കത്തയിലെ ബിശ്വ ബംഗ്ല കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പരിപാടി സംഘടിപ്പിച്ചത്.

സ്വാമി ജ്ഞാനവത്സല്യയുടെ സ്ത്രീ-പുരുഷ വേർതിരിവ് കലർന്ന നിലപാടിനെതിരെയും അതിനെ പിന്തുണച്ച സംഘാടകർക്കെതിരെയും കടുത്ത വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. കോൺഫറൻസ് ഹാളിൻ്റെ ആദ്യ അഞ്ച് വരികളിൽ ഒരു സ്ത്രീയും പെൺകുട്ടിയും ഇരിക്കരുതെന്ന് സ്വാമി ജ്ഞാനവത്സല്യയുടെ നിബന്ധന സദസിലുള്ളവരെ അറിയിച്ചത് ഐസിഎഐ പ്രസിഡൻ്റ് രഞ്ജീത് കുമാർ അഗർവാളായിരുന്നു.

"ഒന്നാമതായി, ദൈവത്തിൻ്റെ മാനേജർമാരെ ക്ഷണിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. അവരെല്ലാം ചില അവ്യക്തമായ, നിരർത്ഥകമായ പ്രഭാഷണങ്ങൾ മാത്രമാണ് നടത്തുന്നത്" സമൂഹമാധ്യമായ എക്‌സിൽ ഒരാൾ കുറിച്ചു. സ്വാമിക്കെന്താണ് സിഎ കോൺഫറൻസിൽ കാര്യം എന്നിങ്ങനെ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.

രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടൻസി തൊഴിൽ നിയന്ത്രിക്കുന്നതിനായി 1949-ലെ സിഎ ആക്‌ട് പ്രകാരം സ്ഥാപിതമായ നിയമാനുസൃത സ്ഥാപനമാണ് ഐസിഎഐ. ഏകദേശം നാലുലക്ഷം അംഗങ്ങളുള്ള സംഘടനയിൽ 30 ശതമാനവും സ്ത്രീകളാണ്. അങ്ങനെയിരിക്കെയാണ് ഇത്രത്തോളം വിവേചനപരമായൊരു സമീപനം സംഘടനയുടെ നേതൃത്വത്തിലുള്ളവരിൽനിന്ന് ഉണ്ടായത്. സംഭവത്തെക്കുറിച്ച് സ്വാമി ജ്ഞാനവത്സല്യയിൽ നിന്നോ ഐസിഎഐയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?