INDIA

പകരം വീട്ടിയതോ? ഡൽഹിയിലെ യുകെ ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകള്‍ നീക്കി പോലീസ്

വെബ് ഡെസ്ക്

ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് പുറത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് പോലീസ്. ഇന്ത്യയിലെ യുകെ ഹൈക്കമ്മീഷണർ അലക്സ് എല്ലിസിന്റെ വീടിന് മുൻപിലുള്ള ബാരിക്കേഡുകളും നീക്കം ചെയ്തു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ പോലീസ് നടപടി. ആക്രമണ സമയത്ത് ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിന്റെ പ്രതികാര നടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബാരിക്കേഡുകൾ നീക്കം ചെയ്തത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല.

ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു

ഹൈക്കമ്മീഷന്‍ ഓഫീസിനോ, ഹൈക്കമ്മീഷണറുടെ വീടിന് മുന്നിലോയുള്ള സുരക്ഷയിൽ ഇളവ് വരുത്തിയിട്ടില്ലെന്നും യാത്രക്ക് തടസ്സം സൃഷ്ടിച്ച ബാരിക്കേഡുകൾ മാത്രമാണ് നീക്കം ചെയ്തതെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഖലിസ്ഥാൻ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങിനെതിരെ പഞ്ചാബ് സർക്കാർ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളായ സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഘം ഓഫീസിന് നേരെ ആക്രമം നടത്തുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. ഹൈക്കമ്മീഷന് മുന്നിലെ ദേശീയ പതാക അക്രമികള്‍ താഴ്ത്തി. പിന്നാലെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് അക്രമികൾ കടക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചും ബ്രിട്ടീഷ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരുടെ അഭാവത്തെ സംബന്ധിച്ചും വിശദീകരണം നൽകാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അക്രമങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും ഹൈക്കമ്മീഷൻ ഓഫീസുകൾക്ക് മുന്നിലെ സുരക്ഷാവിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും പിന്നാലെ ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇത് നയതന്ത്രതലത്തില്‍ വലിയ ചര്‍ച്ചയായി. ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു.

അമൃത്പാൽ സിങ്ങിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് ഭാഗികമായി ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി 'വാരിസ് പഞ്ചാബ് ദേ' പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും