പത്ത് ദിവസത്തിനിടെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട ദക്ഷിണ കന്നഡയില്‍ ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തിന് മാത്രം നഷ്ടപരിഹാരം നല്‍കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എല്ലാ കൊലപാതകങ്ങളേയും ഒരുപോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന കഴിഞ്ഞദിവസത്തെ പ്രസ്താവനയ്ക്ക് വിരുദ്ധമായിട്ടാണ് മുഖ്യമന്ത്രിയുടെ നടപടി. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് 25 ലക്ഷം രൂപയുടെ ചെക്കാണ് കര്‍ണാടക മുഖ്യമന്ത്രി കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക കൈമാറിയത്. പ്രവീണിന്റെ കൊലപാതകികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി.
ആദ്യം കൊല്ലപ്പെട്ട മസൂദിന്റെ കുടുംബത്തിനോ പ്രവീണിന് ശേഷം കൊല്ലപ്പെട്ട ഫാസിലിന്റെ കുടുംബത്തിനോ നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുക പോലും ചെയ്തില്ലെന്നതാണ് യാഥാര്‍ഥ്യം.
ഭരണഘടനയുടെ പതിനാലാം അനുച്ഛേദം ബസവരാജ് ബൊമ്മൈ ലംഘിച്ചെന്ന് ആരോപണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് ഒരുവിഭാഗത്തിന് മാത്രം നല്‍കിയതിലൂടെ കര്‍ണാടക മുഖ്യമന്ത്രിയുടെ നടപടി ഭരണഘനാ വിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ പതിനാലാം അനുച്ഛേദം ബസവരാജ് ബൊമ്മൈ ലംഘിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യതയോടെ പരിഗണിക്കപ്പെടമെന്നാണ് അനുച്ഛേദം 14 പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് വിതരണത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഇതെല്ലാം അട്ടിമറിക്കുന്ന സമീപനമാണുണ്ടായതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.