INDIA

വിശദമായ ഗവേഷണം നടത്തിയിരുന്നു; നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി

ഡോക്യുമെന്ററിയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതിന് പിന്നാലെയാണ് ബിബിസിയുടെ വിശദീകരണം

വെബ് ഡെസ്ക്

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖയടങ്ങുന്ന വിവാദ ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി. വിശദമായ പഠനത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് ബിബിസി പറഞ്ഞു. ഡോക്യുമെന്ററിയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതിന് പിന്നാലെയാണ് ബിബിസിയുടെ വിശദീകരണം. പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർത്തികാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡോക്യുമെന്ററി നിർമ്മിച്ചിട്ടുള്ളത്. ഉയർന്ന നിലവാരം പുലർത്തിയ എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണതെന്നും ബിബിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഡോക്യൂമെന്ററി നിർമ്മാണത്തിന്റെ ഭാഗമായി നിരവധി പേരുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രസ്താവന ചൂണ്ടികാട്ടി.

"ലോകമെമ്പാടുമുള്ള സുപ്രധാനവിഷയങ്ങൾ ഉയർത്തിക്കാട്ടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷങ്ങൾ പരിശോധിക്കാനാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന അന്വേഷണത്മക ഡോക്യുമെന്ററി നിർമ്മിച്ചത്. ഈ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയം കൂടി പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ നേർസാക്ഷികളും വിദഗ്ധരും ഉൾപ്പെടെ ഒരുപാട് പേരുടെ അഭിപ്രായങ്ങൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകരുടെ പ്രതികരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോക്യൂമെന്ററിയിൽ ഉന്നയിക്കുന്ന സകല വിഷയങ്ങളിലും മറുപടി നൽകാനുള്ള അവസരം ഞങ്ങൾ ഇന്ത്യൻ സർക്കാരിന് നൽകിയിരുന്നു. എന്നാൽ പ്രതികരിക്കാൻ അവർ വിസമ്മതിച്ചു"- ബിബിസിയുടെ പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. അക്രമങ്ങളെ തീർച്ചയായും പിന്തുണയ്ക്കില്ല, എന്നാൽ നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചതിനെ അംഗീകരിക്കാനാവുമെന്ന് കരുതുന്നില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി നിര്‍മിച്ചത്. ഡോക്യുമെന്ററിയുടെ ആദ്യഭാഗമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് സാഹചര്യമുണ്ടാക്കിയത് അന്നത്തെ ഭരണാധികാരിയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതായും അക്രമികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നുവെന്നുമടക്കമുള്ള രൂക്ഷവിമര്‍ശനങ്ങളും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിലെ പല നിര്‍ണായക കാര്യങ്ങളും സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന് ഇതേകുറിച്ച് അറിവുണ്ടായിരുന്നു എന്നും ബിബിസി അവകാശപ്പെട്ടിരുന്നു.

പിന്നാലെ, വ്യക്തമായ അജണ്ടയുടെ ഭാ​ഗമാണ് ഡോക്യുമെന്ററിയെന്ന് ആരോപണവുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി രംഗത്തെത്തി. ഇന്ത്യയിൽ ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്ത ഡോക്യുമെന്ററിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ