ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് റെയ്ഡ് മൂന്നാം ദിവസത്തിൽ. പരിശോധന തുടങ്ങിയതിന് ശേഷം ജീവനക്കാര്‍ പലരും ഓഫീസില്‍ തന്നെ തുടരുകയാണ്. കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ബിബിസി ഓഫീസുകളില്‍ റെയ്ഡ് നടക്കുന്നത്. പ്രതികാര നടപടിയെന്നും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ നടക്കുന്നത് സര്‍വെ എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ പരിശോധന ആരംഭിച്ചത്. രണ്ട് ഇടങ്ങളിലും ഒരേ സമയം റെയ്ഡ് ആരംഭിക്കുകയായിരുന്നു. കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും എത്ര സമയം കൂടി പരിശോധനയ്ക്കായി വേണ്ടിവരുമെന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നുമാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബിബിസി ഉപകമ്പനികളുടെ കൈമാറ്റ വില സംബന്ധിച്ചും രാജ്യാന്തര നികുതി സംബന്ധിച്ചുമുള്ള രേഖകളാണ് പരിശോധിക്കുന്നത് എന്നാണ് വിശദീകരണം. പരിശോധനയോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും പ്രവര്‍ത്തനം സാധാരണ നിലയില്‍ നടക്കുന്നുണ്ടെന്നും ബിബിസി വ്യക്തമാക്കി. 10 മുതിര്‍ന്ന ജീവനക്കാരടക്കം രണ്ട് ദിവസത്തിലേറെയായി ഓഫീസില്‍ തുടരുന്നുണ്ട്. മറ്റുള്ള ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്.
ഇന്ത്യ -ദ മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളിലായി ജനുവരിയിലാണ് ബിബിസി സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് ചാനലിനെതിരെ ബിജെപിയും അനുകൂല സംഘടനകളും രംഗത്തെത്തി. ദുരുദ്ദേശപരമായ റിപ്പോര്‍ട്ടിങ്ങാണ് ബിബിസിയുടേതെന്ന് ബിജെപി ആരോപിക്കുമ്പോള്‍, റെയ്ഡ് നടക്കുന്ന സമയം സംശയത്തോടെ കാണുകയാണ് പ്രതിപക്ഷം. രാഷ്ട്രീയ ഗൂഢാലോചനയാണ് റെയ്ഡ് നടപടിയെന്നാണ് ഉയരുന്ന ആരോപണം. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ആദായനികുതി വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്ത് ബിബിസി നിരോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കഴമ്പില്ലാത്ത ആവശ്യമെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.