ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് പരിശോധന. ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടൻ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി.
ഗുജറാത്ത് സർക്കാർ സൃഷ്ടിച്ചെടുത്ത അന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്രയും വലിയ അക്രമം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് കഴിയില്ലായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2002 ഫെബ്രുവരി 27ന് അന്നത്തെ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതായും ആക്രമികൾക്കെതിരെ നടപടിയെടുക്കരുതെന്ന് നിർദേശിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നതായും ഡോക്യുമെന്ററിയിൽ പറയുന്നു. ഡോക്യൂമെന്റിയുടെ പ്രദർശനം കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. അതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധം ശക്തമാകുകയും വിവിധ സര്‍വകലാശാലകളില്‍ ഹ്രസ്വചിത്രം വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ഡോക്യൂമെന്ററിയിൽ കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപാദിച്ചിരുന്നു. ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ ബിബിസിയെ നിരോധിക്കണമെന്ന ഹർജികൾ സ്പ്രീംകോടതി തള്ളിയിരുന്നു.