INDIA

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'; രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യാൻ ബിബിസി, പ്രദർശന വിലക്കേര്‍പ്പെടുത്തി ജെഎന്‍യു

ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വകലാശാലയുടെ മുന്നറിയിപ്പ്

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019-ൽ വീണ്ടും അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമവും മുസ്ലീങ്ങൾക്കെതിരെ നടത്തിയ അക്രമാസക്തമായ ആക്രമണങ്ങളുടെ റിപ്പോർട്ടുകളടക്കമുള്ളതാണ് രണ്ടാം ഭാഗമെന്ന് ബിബിസി പറയുന്നു.

അതേസമയം, ഡോക്യൂമെന്ററിയുടെ ആദ്യഭാഗം ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി ജെഎൻയു സ‍ര്‍വകലാശാല രജിസ്റ്റാ‍ര്‍ ഉത്തരവിറക്കി. ഡോക്യുമെന്ററി പ്രദര്‍ശനം റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും കാണിച്ചാണ് സർവകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം  പ്രദര്‍ശിപ്പിക്കാനായിരുന്നു ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമ‍ര്‍ശങ്ങളുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാതിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിരോധം തീര്‍ക്കുമ്പോഴാണ് ഈ നീക്കം. ഇതിനെയാണ് സർവകലാശാല തടഞ്ഞത്.

കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന അന്വേഷണത്മക ഡോക്യുമെന്ററി പുറത്തുവിട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി നിര്‍മിച്ചത്. 2002ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നതായി ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ടെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയെയടക്കം പ്രതി കൂട്ടിലാക്കിയ ഡോക്യുമെന്ററി രാജ്യത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഡോക്യുമെന്ററി വസ്തുനിഷ്ഠമല്ലെന്നും കോളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും കേന്ദ്രത്തിന്റെ ആരോപണം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ കഴിഞ്ഞ ദിവസം യൂട്യൂബും ട്വിറ്ററും നീക്കം ചെയ്തിരുന്നു. മറ്റ് പ്ലാറ്റ്ഫോമുകളിലെ വീഡിയോയിലേക്കുള്ള ലിങ്ക് അടങ്ങിയ ട്വീറ്റുകള്‍ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ലോകത്തിന് മുന്നില്‍ മോശമാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്. നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി നിര്‍മിച്ച ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യുന്നതിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് കലാപത്തെ കുറിച്ച് നീണ്ടകാലത്തെ അന്വേഷണത്തിന് ഒടുവില്‍ സുപ്രീംകോടതി തള്ളിയ ആരോപണങ്ങളാണ് ബിബിസി ഉയര്‍ത്തുന്നതെന്നും, വീണ്ടും ഇന്ത്യക്കാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണ് ബ്രിട്ടീഷുകാര്‍ നടത്തുന്നതെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. ഡോക്യുമെന്ററിയില്‍ പ്രതിഷേധിച്ച് 302 പ്രമുഖരാണ് ബിബിസിക്കെതിരായ കത്തില്‍ ഒപ്പുവെച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം